If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







വിലക്ക്..  

Posted by അനുജി, കുരീപ്പള്ളി.

ഒന്നും പറയാന്‍ പറ്റാത്തപ്പോ മിണ്ടാതിരിക്കണം..അതല്ലേ വേണ്ടത്..!!

ഇനി ഞാന്‍ മരിക്കട്ടെ...  

Posted by അനുജി, കുരീപ്പള്ളി. in ,

ഇനി നിനക്കേകുവാന്‍
കരളെരിഞ്ഞുരുകുന്ന
കണ്ണീരു മാത്രമിനി -
നിന്നെത്തഴുവാന്‍
ഉള്ളുരുകിയുയരുന്ന
നിശ്വാസവും..

നിനക്കായി നല്‍കുവാന്‍
കനവില്‍ നിന്നുതിരുന്ന
കനിവെഴും കവിതയും
കാലം മറക്കത്തൊ-
രോര്‍മ്മതന്‍ ചിത്രവും,
പിന്നെ നൃത്തമാടുമീ
അഗ്നിവര്‍ണ്ണങ്ങളും
ഉരുകി വീഴുന്നൊരു
ചെമ്പട്ടിന്‍ ഗന്ധവും,
എന്നോര്‍മ്മകളന്നു
നിന്നിടനെഞ്ചു കുത്തു-
മ്പോള്‍ നെഞ്ചോട്‌
ചേര്‍ത്തൊന്നു
തര്‍പ്പണം ചെയ്യുവാന്‍
കനലെരിഞ്ഞുയിരാര്‍ന്നൊ
രെന്നൊരു പിടി ചാരവും.

തിരികെ നടക്കുന്നു ഞാന്‍
നിന്നെ നിന്‍ സ്വപ്നസൗധ-
ങ്ങള്‍ക്കധിപയായ്‌ വിട്ടിട്ടു
ഏകനായ്‌, വ്രണിതനായ്
നിന്നില്‍ നിന്നകലേയ്ക്ക്‌..

ഉള്ളിലുയിര്‍പിടക്കുമ്പോഴും
നിനക്കായ് കേഴുന്നോരെന്‍
ഇന്ദ്രിയങ്ങള്‍ക്കൊക്കെയും
നീ തന്ന മറുപടി,ഒരു മൂളല്‍,
എനിക്കായ്‌ തന്നൊരാ
ഹൃദയത്തുടിപ്പുകള്‍

മതി..
അത്രമാത്രം..
ഇനി ഞാന്‍ മരിക്കട്ടെ...

ഇനി ഞാന്‍ മരിക്കട്ടെ
നിന്‍ സ്മൃതികളില്‍ മുങ്ങി
മൃതിയില്‍ ലയിക്കട്ടെ-
യെന്‍ പ്രണയമമര-
മേന്നോര്‍ക്കുവാനെങ്കിലും

പ്രണയം അമരം
എന്നോര്‍ക്കുവാനെങ്കിലും..

--
സ്നേഹപൂര്‍വ്വം..
അനുജി,കുരീപ്പള്ളി.

ഘടികാര സൂചികള്‍  

Posted by അനുജി, കുരീപ്പള്ളി. in ,






ഘടികാര സൂചികള്‍
തിരികെക്കറക്കി നീ
പോയ്‌ മറഞ്ഞെങ്ങോ
കാതങ്ങള്‍ക്കപ്പുറമെന്‍
പ്രീയ സഖീ നിന്‍
സ്വപ്നച്ചിറകു വിടര്‍ത്തിനീ
പോയ്‌ മറഞ്ഞെങ്ങോ
നിന്നില്‍ ഞാന്‍ ചാര്‍ത്തിയ
സിന്ദൂരച്ചുവപ്പാം
ചക്രവാളത്തിനപ്പുറം

പോയ്‌ മറഞ്ഞെങ്ങോ
നിനക്കായ്‌ ഞാന്‍
കരളുരുക്കി നിറച്ചൊരീ
സ്നേഹസാഗരം താണ്ടി നീ
എനിക്ക് കൂട്ടായ് ഈ
തീരവും തിരകളും നല്കി നീ
പോയ്‌ മറഞ്ഞെങ്ങോ
യാമങ്ങള്‍ക്കപ്പുറം

നീയറിയുന്നുവോയെന്‍
പ്രീയ സഖീ നിന്‍ നീര്‍-
മിഴികളിലംബരചുംബികള്‍
നൃത്തമാടിടുമ്പോള്‍
സ്വപ്നങ്ങള്‍ക്ക് മീതെ നീ
പാറിപ്പറക്കുമ്പോള്‍
ഇവിടെയീ
തീരം സാക്ഷിയായ്‌
തിരകള്‍ സാക്ഷിയായ്‌
ജീവന്‍ പൊലിയുന്നൊരെന്‍
ഹൃദയത്തുടിപ്പുകള്‍
ഊര്‍ദ്ധ്വന്‍ വലിക്കുന്നോരെന്‍
ഘടികാര സൂചികള്‍

താണ്ടുവാനേറെയുണ്ടിനി
കാതങ്ങളെന്‍ മുന്നില്‍
ഈ ചെറു ജീവിതയാനവുമായ്
ഏകനായ് തീരം വിട്ട്
തിരകള്‍ താണ്ടി, നിന്‍
പ്രണയം നല്‍കുമൂര്‍ജ്ജവുമായേറെ
കാതങ്ങള്‍,
ഇനിയുമുണ്ടേറെ കാതങ്ങള്‍
യാമങ്ങള്‍ക്കപ്പുറത്തേക്ക്
നിന്‍ കൈ പിടിക്കുവാന്‍

ഇനിയും കാതങ്ങളുണ്ടേറെ-
യെന്‍ ഘടികാര സൂചികള്‍
നിനക്കൊപ്പം ചലിക്കുവാന്‍


--
സ്നേഹപൂര്‍വ്വം..
അനുജി,കുരീപ്പള്ളി.

"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു."

പ്രണയം [അവസാന ഭാഗം]  

Posted by അനുജി, കുരീപ്പള്ളി. in ,

എന്‍റെ ആമിയ്ക്ക്...
എന്ത് എഴുതാന്‍ ആണ് ഞാന്‍ ഇപ്പൊ ഇത് എടുത്തത് എന്നു എനിക്ക് അറിയില്ല. പെട്ടന്ന് എടുത്ത്‌ എഴുതി തുടങ്ങുന്നു.. ഇതില്‍ എന്തെങ്കിലും എഴുതുമെന്നോ അത് ഞാന്‍ എന്‍റെ ആമിയ്ക്ക് അയച്ചു തരും എന്നോ എനിക്കുറപ്പില്ല എന്നിട്ടും ഞാന്‍ എഴുതുന്നു.. എന്തൊക്കെയോ.. എന്‍റെ ആമി.. എനിക്കറിയില്ല എനിക്ക് നിന്നോട് തോന്നുന്ന വികാരം എന്താണെന്നും അതിന്‍റെ ആഴം എത്രയാണ് എന്നും. പക്ഷെ നീയില്ലെങ്കില്‍ നിന്നെക്കുറിച്ചുള്ള ചിന്തകള്‍ ഇല്ലെങ്കില്‍ ഇന്നെന്‍റെ ജീവിതം ശൂന്യമാണ്, മനസ് ശൂന്യമാണ്..ഒരു ജഡമായ്‌ തീരുന്നു ഞാന്‍.. ശ്വസിക്കുകയും നടക്കുകയും ചെയ്യുന്ന ഒരു ജഡം.ഓരോ നിമിഷവും നീയെന്റെ പ്രാണനില്‍ കൂടുതല്‍ കൂടുതല്‍ അലിഞ്ഞു ചേരുന്നു.... പിരിക്കാന്‍ കഴിയാത്തവണ്ണം. ഇന്നെന്‍റെ ചിന്തകളെയും മനസിനെയും നിയന്ത്രിക്കുന്നത് നീയാണ്. നീയൊരു പകല്‍ക്കിനാവാണെന്നറിഞ്ഞിട്ടും നിന്നില്‍ ഞാന്‍ ജീവിക്കുന്നു..ഒരിക്കല്‍ എന്‍റെ പ്രാണന്‍ പറിച്ചെടുത്ത്‌ നീ അകന്നു പോകുന്ന ദിവസവും കാത്ത്.അന്ന് മനസ് തുറന്നൊന്നു കരയാന്‍ ഞാനെന്റെ കണ്ണീര്‍ എല്ലുന്തിച്ചടച്ച ഈ നെഞ്ചിന്‍കൂട്ടില്‍ കൂട്ടിവയ്ക്കുന്നു;നിന്നെ ഞാന്‍ പ്രതിഷ്ഠിച്ച ശ്രീകോവിലിനുള്ളില്‍.
എന്‍റെ ആമീ ഏറെ തിരക്കിലാണ് ഞാന്‍, ഒരിക്കല്‍ നീയെന്നെ വിട്ടകലുമ്പോള്‍ നിന്നെയാത്രയാക്കുവാന്‍ ചിരിക്കുന്ന ഒരു മുഖംമൂടി തീര്‍ക്കണമെനിയ്ക്ക്. ജന്‍മസ്വപ്‌നങ്ങള്‍ തേടി അനന്തവിഹായസ്സിലേക്ക് നീ പറന്നുയരുമ്പോള്‍ എന്‍റെ കണ്ണീര്‍ക്കയ്യുകള്‍ നിന്‍ ചിറകൊടിക്കാതിരിക്കുവാന്‍ കരളുരുക്കിക്കാരിമ്പിന്‍ ചങ്ങല തീര്‍ക്കണമെനിയ്ക്ക്...
അന്ന് ചോര വാര്‍ന്നു ഓജസ്സ് വറ്റിയ എന്‍റെ മുഖം നിന്നില്‍ നിന്ന് മറച്ചു പിടിക്കാന്‍ മനസിനെ കല്ലാക്കിയൊരു മറ തീര്‍ക്കണമെനിയ്ക്ക്, നെഞ്ചിനുള്ളിലൊരു നിലവറ തീര്‍ക്കണമെനിയ്ക്ക്. അതിലെനിക്കൊരു കല്ലറ തീര്‍ക്കണം. നിന്‍റെ സുഖശയനതിനു കാവലായ്‌ വെളുത്തുള്ളിപ്പൂക്കള്‍ കൊണ്ട് നിറയെ മാലകള്‍ തീര്‍ക്കണം. നിന്‍റെ സ്വപ്നഭവന കവാടങ്ങളെ വിശുദ്ധതൈലം കൊണ്ട് മുദ്രണം ചെയ്യണം. നിന്‍റെ സ്വപ്നങ്ങള്‍ക്ക് മേല്‍ അശാന്തി പടര്‍ത്തുമൊരു കടവാവ്വലായ് മാറാതെന്നാത്മാവിനെ തളക്കാന്‍ ചെത്തിക്കൂര്‍പ്പിച്ച ഒരു മരക്കുരിശ് പണിയണം.

അഭിനവ ഓണം  

Posted by അനുജി, കുരീപ്പള്ളി.

പൂവിളിയും പൂക്കളവും അന്യംനിന്ന് പോയ മലയാളനാട്ടില്‍ വിളിക്കാതെ
വന്ന അതിഥിയായ് ഓരോണക്കാലം കൂടി,

എങ്ങോ പോയ്മറഞ്ഞ ഓണത്തുമ്പികളെയും കോണ്‍ക്രീറ്റ് കാടുകളില്‍
വിരിയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന തുമ്പപ്പൂക്കളെയും
നമുക്ക് മറക്കാം.

കുഴിപ്പന്തും കിളിത്തട്ടും തിരുവാതിരയും കളിക്കാന്‍ ഇനിയൊരു മൂന്നടി മണ്ണ്
പോലും ദാനം തരാന്‍ കഴിവില്ലാതെ പോയ
മാവേലിത്തമ്പുരാന്റെ നിസ്സംഗതയില്‍ നമുക്ക് പങ്കുചേരാം,
നിസ്സഹായതയില്‍ നമുക്ക് പരിതപിക്കാം.

ഇനി അന്യനാട്ടില്‍ നിന്ന് വരുന്ന പൂക്കളെയും പച്ചക്കറികളെയും
കാത്ത് നില്‍ക്കാതെ നമുക്കൊരു ഇന്‍സ്റ്റന്റ് പൂക്കളം വേടിക്കാം,

മുന്തിയ ഹോട്ടലില്‍ ഓണസദ്യക്ക്‌ ഓര്‍ഡര്‍ കൊടുക്കാം.
ഉണ്ടു നിറഞ്ഞ വയറുമായ് നമുക്ക് ശപിക്കാം
ഊഞ്ഞാലുകെട്ടാന്‍ ഒരു മരം പോലും ബാക്കിയില്ലാത്ത
മലയാള മണ്ണിനെ

എന്നിട്ട് ഞാനും നിങ്ങളുമടങ്ങുന്ന നമുക്ക് ഓണമാഘോഷിക്കാം
നമ്മുടെ സ്വന്തം ചാനലിനോപ്പം.
ചാനലുകളുടെയും ഇന്റര്‍നെറ്റിന്റെയും മുന്നിലിരുന്നു നമുക്കും നീട്ടി വിളിക്കാം..

പൂവേ.. പൊലി.. പൂവേ....പൊലി... പൂവേ.......




എല്ലാവര്‍ക്കും ഐശ്വര്യാരോഗ്യ സമ്പല്‍സമൃദ്ധമായ

ണാശംള്‍..


ഒരല്‍പം വേദനയോടെ
അനുജി, കുരീപ്പള്ളി.

ഇനിയും പിറക്കാത്ത ജന്‍മങ്ങള്‍.  

Posted by അനുജി, കുരീപ്പള്ളി.





ഇനിയും പിറക്കാത്ത ജന്മങ്ങളേ, നിങ്ങള്‍
പിറക്കാതിരിക്കുവിന്‍ മണ്ണിലേക്കിന്നിനി.
ഇവിടെ ശ്വാസത്തിന്‍ ദുഷിപ്പുകള്‍ മാത്രം,
അമ്ലം ചുരത്തുന്നോരമ്മിഞ്ഞ മാത്രം,
കാമം കറുക്കുന്ന കാരിരുള്‍ മാത്രം,
തിമിരം തിമിര്‍ക്കുന്ന കണ്ണുകള്‍ മാത്രം,
പുഞ്ചിരി തൂകുന്ന കാപട്യം മാത്രം

ഇനിയും പിറക്കാത്ത ജന്മങ്ങളേ..
ഇവിടെയില്ലിനി തേനും വയമ്പും നിന്‍
പിഞ്ചുനാവില്‍ തൊട്ടക്ഷരം കുറിക്കുവാന്‍
വെയിലേറ്റു വാടും നിന്‍ കണ്ണിലിരുളായ്
പിന്നെയും നാവിലേക്കിറ്റിക്കും
പൊയിലക്കടുപ്പിന്‍ മയക്കം മാത്രം.
ഇവിടെയില്ലിനി മഞ്ചാടി മണികള്‍
നിന്‍ തൊടുവിരല്‍ തൊട്ടെണ്ണിപ്പഠിക്കുവാന്‍.
ഇവിടെയീ മണ്ണിലിറ്റിറ്റു വീഴുന്ന ചുടു-
നിണപ്പൊട്ടുകള്‍ മാത്രം; ഇനി നിനക്കായ്‌
ചുടുനിണപ്പൊട്ടുകള്‍ മാത്രം.

കണ്ണീരു പെയ്യുന്ന കാലത്തിലേക്കി-
നിയും പിറക്കാത്ത ജന്മങ്ങളേ,
ഇവിടെയില്ലിനി താരാട്ടുപാട്ടുകളെന്‍
പൈതലേ, നിന്നെ പാടിയുറക്കുവാനീ-
തെരുവിന്‍ നിലക്കാത്ത രോദനം മാത്രം.
ചൊല്ലിപ്പഠിക്കുവാനക്ഷരക്കൂട്ടില്ലയിന്നു-
നിന്‍ ചുമലേറ്റുവാന്‍ തീരാച്ചുമടുകള്‍ മാത്രം

ഇവിടെ ചായുറങ്ങാന്‍ നിനക്കമ്മതന്‍ ചൂടില്ല,
പിച്ചവെയ്ക്കാനച്ഛന്റെ കൈവിരല്‍ തുമ്പുമില്ല.
ഭൂതരാവുകളില്‍ നിനക്കുകൂട്ടായ് പഴകിപ്പൊടിഞ്ഞോരു
പഴന്തുണിക്കെട്ടിന്‍ മുഷിവു മാത്രം.പിന്നെ,
പിച്ചവെയ്ക്കും തെരുവുകളില്‍ നിന്നില്‍ത്തറയ്ക്കുവാന്‍
തീരാത്ത ശാപമായ്‌ വര്‍ഗ്ഗദ്വേഷത്തിന്‍ മുള്ളുകളും

ഇനിയും പിറക്കാത്ത പൈതലേ നീയറിഞ്ഞീലയോ?
മണ്ണിലഗ്നി പുഷ്പ്പങ്ങള്‍ പൂക്കുന്നതും,
കൂടെപ്പിറപ്പുകള്‍ വെടിയേറ്റു വീണതും,
അവരുടെ കുഞ്ഞുപെങ്ങളെ തെരുനായ്ക്കള്‍ തിന്നതും?
നീയറിഞ്ഞീലയോ? താതകാമത്തിന്നഴുക്കു-
ചാലില്‍ പിഞ്ചു മക്കളെ പുഴുവരിച്ചതും?

ഇവിടെയില്ലിനി ആകാശശോണിമ
നിന്‍ കവിളില്‍ തലോടുവാന്‍
ഇവിടെയില്ലിനി ഇഷ്ടരാഗം മൂളിയെത്തും
തളിരിളം കാറ്റും, നിന്നില്‍
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാനോടിയെത്തും
വസന്തങ്ങളും,

ഇവിടെയീപ്പൂക്കള്‍ക്ക് മീതെ,
പെയ്തിറങ്ങുംവിഷലായകങ്ങളും
തുടുത്ത, വിഷലിപ്തമാം
പറങ്കിമാമ്പഴങ്ങളും,
ചുവന്നു തുടുത്തു പഴുത്തു
പൊട്ടുന്ന വൃണങ്ങളും,
പിന്നെയീ ചാണകത്തറയില്‍
നിനക്കു കൂട്ടായ്
ചലം നുകരാന്‍ മൂളിയെത്തും
മണിയീച്ചയു മസ്സഹ്യമാം
വേദനയും മാത്രം

ഇനിയും പിറക്കാത്ത പൈതലേ
നീയറിഞ്ഞീലയോ..
നിനക്കു മുന്‍പേ നടന്നവര്‍ ഞങ്ങള്‍
നിനക്കു മുന്‍പേയിടറി വീണവര്‍ ഞങ്ങള്‍
ഒരു നായ്ത്തുടലില്‍ മോചനം കാത്ത്
കിടക്കുവോര്‍ ഞങ്ങള്‍
ഇഷ്ടികക്കളങ്ങളില്‍,
കരിമ്പിന്‍ കാടുകളില്‍
ചുമടേറ്റി തളര്‍ന്നവര്‍ ഞങ്ങള്‍.
കാണ്‍ക നീ, കരലാളനങ്ങള്‍
കൊതിച്ചൊരീ കപോലങ്ങളില്‍
വീണു തിണര്‍ത്ത കനത്ത
കൈവിരല്‍പ്പാടുകള്‍...

ഇനിയും പിറക്കാത്ത ജന്മമേ
കാണ്‍ക നീ,ഗര്‍ഭ്ഭഭിത്തികള്‍
തുളച്ചിങ്ങിവിടെയീ ഭൂമിയില്‍
കണ്ണീരു വറ്റിയ കണ്ണുകളൊക്കെയും
കാണ്‍ക നീ, നിനക്കായ്
കാത്തിരിക്കും കഴുകന്‍ കണ്ണുകളും
ഒരു പൂമ്പാറ്റയെപ്പോല്‍ പാറി-
നടന്നവളിവളുടെ തളിരിളം മേനി-
യിലാഴ്ന്നിറങ്ങി ചുടുനിണം
ചാര്‍ത്തിയ നഖരമുനകളും

ഇനിയും പിറക്കാത്ത ജന്മമേ...
നീയിവിടെയീ മണ്ണില്‍ പിറന്നുപോയീ-
ടുകില്‍ നിശ്ചയം, അറ്റു പോയീടും
പത്തുമാസം നീ കണ്ട മോഹസ്വപ്നങ്ങളു-
മറ്റുപൊയീടും പൊക്കിള്‍ക്കൊടിയോ -
ടൊത്തു ജന്മബന്ധങ്ങളും...

പിന്നെ,നീയുമൊരനാഥ(ന്‍)
തെരുവിന്‍റെ സന്തതി

മലംപുരണ്ട് തെരുനായ്ക്കള്‍ക്കൊപ്പം
എച്ചിലിലകളിലന്നം തേടി...........

ഇനിയും പിറക്കാത്ത ജന്മങ്ങളേ
നിങ്ങള്‍ പിറക്കാതിരിക്കുവിന്‍
മണ്ണിലേക്കിന്നിനി......
നിന്‍ സ്വപ്‌നങ്ങള്‍ നിറമറ്റു കറുക്കുംമുന്‍പേ
നിന്‍ മോഹങ്ങള്‍ മണ്ണില്‍ വീണുടയും മുന്‍പേ
ഉണരൂ നീ...ഉണരൂ നീ
ഗര്‍ഭ്ഭ ഭിത്തിക്കുള്ളിലെ സുഷുപ്തിയില്‍നി -
ന്നുണര്‍ന്നു പിന്നെ പിഞ്ചുകയ്യാല്‍
നിന്നന്നദാതാവാം പൊക്കിള്‍ക്കൊടിയെ
കഴുത്തില്‍ ചുറ്റി കെട്ടുപോയിടൂ
വെറുമൊരു മാംസപിണ്ഡമായ്
ഒരു ചാപിള്ളയായ്.......

സ്വതന്ത്ര ഭാരതം... !!!  

Posted by അനുജി, കുരീപ്പള്ളി.



ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി...
ഇനി എന്നാണ് ഈ കുരുന്നിനു ഒരു സ്വാതന്ത്ര്യം ലഭിക്കുന്നതു... ഇതു പോലെ എത്രയെത ജന്മങ്ങള്‍...
ജനിച്ചനാള്‍ മുതല്‍ സ്വാതന്ത്ര്യം എന്തെന്നു അറിയാത്തവര്‍... ഈ കുട്ടിയുടെ മുഖത്തെക്കു ഒന്നു നോക്കു
ഒരു സമൂഹത്തിന്റെ പ്രതീകം അല്ലേ ഇവള്‍.... കുരുന്നു പ്രായത്തില്‍ തന്നെ ഒരു ജന്മത്തിന്റെ മുഴുവന്‍ ദു:ഖങ്ങളും ആ മുഖത്തു പ്രതിഫലിക്കുന്നില്ലേ......വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നോ ഭാരതം സ്വതന്ത്രമായത്രേ...
ഇനി എന്നാന്നു മൂവര്‍ണ്ണക്കൊടിയുടെ ചുവട്ടില്‍ നിന്നു സല്യൂട്ട് സ്വീകരിക്കുന്ന ഭരണാര്‍ത്ഥി വര്‍ഗ്ഗം ഈ മുഖത്തേക്കു കരുണയൊടെ ഒന്നു നോക്കുകയെങ്കിലും ചെയ്യുന്നതു... അടുത്ത തിരഞ്ഞെടുപ്പു വരുമ്പൊഴോ..ഇല്ല അതും ഉണ്ടാവില്ല..അവള്‍ക്കു വോട്ടവകാശം പോലും ഇല്ലല്ലൊ.........കഷ്ടം.........

തെരുവുപെണ്ണിന്‍റെ മാനം..  

Posted by അനുജി, കുരീപ്പള്ളി. in





























കറുത്ത രാത്രികളി-
ലിരുട്ടിന്‍റെ മറപറ്റി
തെരുവിന്‍റെ മക്കളെത്തേടി
നടന്നു നീങ്ങുമ്പോള്‍
നീയറിഞ്ഞില്ല, നീ ഓര്‍ത്തില്ല
നിന്‍റെ വീടിന്‍റെ ഉമ്മറപ്പടിയില്‍
പെറ്റുപോയി എന്നൊരു
കുറ്റവും പേറി
ശുഷ്ക്കിച്ച ഒരു ഗര്‍ഭപാത്രമുണ്ടെന്നു
നിന്നെ പെറ്റു പോയി
എന്നൊരു കുറ്റവും പേറി
ഒരു ഗര്‍ഭപാത്രമുണ്ടെന്നു,
ഒരമ്മയുണ്ടെന്നു....

നിന്‍റെയുള്ളില്‍ കാമം
പതഞ്ഞു പൊങ്ങുമ്പോള്‍
നീ ഓര്‍ത്തില്ല...
വഴിക്കണ്ണുമായ്‌
നിന്നെയും കാത്ത്
മുലപ്പാലുവറ്റിയ മാറില്‍
വാത്സല്യത്തിന്‍
അമൃതം ചുരത്തി
നിന്‍റെ കാലടികളില്‍
നിനക്കു തുണയാകാന്‍
കരളുരുകിവിലപിക്കു-
ന്നൊരരമ്മയുണ്ടെന്നു...

ഈ തെരുവുപെണ്ണിന്‍
മാനവും ചേലയും
ചീന്തിയെറിയുമ്പോള്‍,
നീ കണ്ടില്ല..
കാണാന്‍ ശ്രമിച്ചില്ല..
ഒരു ചേലത്തുമ്പിലെ
നിന്നോളം പഴക്കമുള്ള..
കണ്ണീര്‍പ്പാടുകള്‍..
നിനക്കായ്‌ കേഴുന്നൊരമ്മതന്‍
വറ്റാത്ത കണ്ണീര്‍ പാടുകള്‍..

ഒടുവില്‍
മുലപ്പാലു തുടിക്കുന്നോരീ
തെരുവു പെണ്ണിന്നു..
പിഴച്ചുപെറ്റവളെന്നൊരു
മുദ്രയും ചാര്‍ത്തി നീ
വെളുത്ത ലോകത്തില്‍
ലയിക്കുമ്പോള്‍....

ഇവിടെയീ തെരുവിന്നോരത്തു
ഒരു പിഞ്ചിയ ചേലയും
ഓട്ടു പാത്രത്തിലെ -
നാണയക്കിലുക്കവും
ഒരമ്മതന്‍ കണ്ണീരും മാത്രം
ബാക്കി.....

മൂടുപടം  

Posted by അനുജി, കുരീപ്പള്ളി. in ,

ഒരു ചിതയെരിയുന്നു-
മനസ്സില്‍.

ഒരു തേങ്ങലുയരുന്നു -
പ്രാണനില്‍.
കോടി ജന്‍മങ്ങളായ്
ഞാന്‍ കാത്തുസൂക്ഷിച്ചൊരു
കൈത്തിരി നാളമാണു നീ
എന്‍റെ കോടി ജന്‍മങ്ങള്‍ക്കു
ഹേതുവാണു നീ സഖീ..
എന്‍റെ കാത്തിരിപ്പിന്‍
പുണ്യമാണു നീ

എന്‍റെ കാത്തിരിപ്പിന്‍
പുണ്യമാണു നീ.

മുല്ലപ്പൂ മണമിന്നു
മൂടുപടമായ്‌ ..

എന്നാത്മാവിലുറയുന്ന-
കണ്ണീരും,
കരിമ്പടം പുതപ്പിക്കും-
കറുത്ത രാത്രിയും,
കൂരിരുട്ടിലെന്നെ തുറിക്കും
കരിമ്പൂച്ചയും..
മരണം വിളിക്കുന്നുവോ??
എന്നെ കല്ലറക്കുള്ളിലെ ;
കല്ലറക്കുള്ളിലെ കറുത്ത
സത്യത്തിലേക്ക്...

ജന്‍മസ്വപ്‌നങ്ങള്‍തന്‍

ജീര്‍ണ്ണതയിലേക്ക്......

പ്രണയം [ ഭാഗം IV ]  

Posted by അനുജി, കുരീപ്പള്ളി. in ,

എനിക്കു പ്രീയപ്പട്ടവളേ, നിന്‍റെ പുഞ്ചിരിക്കുന്ന മുഖം എനിക്കു എത്ര വിലപ്പെട്ടതാണെന്നോ ..നിന്‍റെ വിടര്‍ന്ന കണ്ണുകളെ ഞാന്‍ എത്ര ആരാധിക്കുന്നുവെന്നോ..നിന്‍റെ ചൊടികളില്‍ വീണു പ്രതിഫലിക്കുന്ന കിരണങ്ങളാണ് എന്‍റെ ജീവന്‍റെ വെളിച്ചം എന്ന് നീ അറിയുന്നില്ലയോ..നിന്‍റെ കണ്ണുകളില്‍ നനവ് പടരുമ്പോള്‍ തകരുന്നത് എന്‍റെ ഹൃദയമാണ്, നിന്‍റെ അധരങ്ങള്‍ വിതുമ്പുമ്പോള്‍ എനിക്കു നഷ്ടമാകുന്നത് എന്നെത്തന്നെയാണ്, ആമീ..എന്‍റെ പ്രണയമായുള്ളവളേ, നിന്‍റെ കണ്ണീരും വേദനയും നീയെനിക്ക് തരൂ..അതെന്‍റെ ഉള്ളിലുരുകിയുറയട്ടെ...എന്‍റെ പ്രണയമേ, നിന്‍റെ ചകിതവും വിഹ്വലവുമായ മനസ്സ് നീ എനിക്കു തരൂ.. അവ എനിക്കു ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കട്ടെ...എന്‍റെ സര്‍വ്വസ്വവുമേ, നിന്‍റെ വിദ്വേഷവും അശാന്തിയും നീയെനിക്ക് സമ്മാനിക്കൂ.. അവ എന്നെ ഭ്രാന്തു പിടിപ്പിക്കട്ടെ.

എന്‍റെ പൊന്നേ..എനിക്കു പ്രീയപ്പെട്ടവളേ, എന്‍റെ മുഖത്തേക്ക് നോക്കൂ..എന്‍റെ കണ്ണുകളിലേക്കു നോക്കൂ..എന്‍റെ ജീവന്‍റെ വെളിച്ചം നീയെനിക്ക് തരൂ..നിന്‍റെ പുഞ്ചിരിയില്‍ പൊഴിയുന്ന മുത്തുകള്‍ മാത്രമാണിന്നെന്‍റെ സമ്പാദ്യം..
എന്‍റെ പൊന്നേ, ഇനിയുമിനിയും പുഞ്ചിരിക്കൂ എന്‍റെ കണ്ണുകളിലേക്കു നോക്കി.....ജന്‍മജണ്മാന്തരങ്ങളോളം...എന്നെ അമരനാക്കൂ...
എന്നെ അമരനാക്കൂ.....

എനിക്കു പ്രീയപ്പെട്ടവളേ നീയെന്‍റെ പ്രണയമാകുന്നു.
എനിക്കു പ്രീയപ്പെട്ടവളേ നീയെന്‍റെ സര്‍വ്വസ്വവുമാകുന്നു.

പ്രണയം [ ഭാഗം III ]  

Posted by അനുജി, കുരീപ്പള്ളി. in ,

എന്‍റെ പ്രണയമേ, നീയെന്‍റെ പ്രാണനില്‍ ചേര്‍ന്നിരിക്കുന്നു.എന്‍റെ ജീവന്‍റെ ഭാഗമായിരിക്കുന്നു.എന്‍റെ ഹൃദയത്തുടിപ്പുകള്‍ നീയായിരിക്കുന്നു. ഓരോ നിമിഷങ്ങളിലും ഞാന്‍ ചക്രവാളങ്ങള്‍ക്ക് മിഴിനോറ്റിരിക്കുന്നു,
നിന്‍ ദര്‍ശനപുണ്യത്തിനായ്‌. ഓരോ മര്‍മ്മരങ്ങള്‍ക്കും ഞാന്‍ കാതോര്‍ത്തിരിക്കുന്നു, നിന്‍റെ നിസ്വനങ്ങളൊരു തെന്നലായൊഴുകിയെത്തുന്നതും കാത്ത്.
എന്‍റെ പ്രണയമേ, നീയെന്‍റെ കണ്ണുകള്‍ക്ക്‌ പുണ്യമായ്,കാതുകള്‍ക്ക് ഇമ്പമായ്‌, അധരങ്ങള്‍ക്ക് മധുരമായ്‌. ഞാന്‍ എന്‍റെ ആത്മാവിനെ നിന്നിലര്‍പ്പിച്ചു, എന്‍റെ കണ്ണുകള്‍ ഞാനാ വിടര്‍ന്ന മിഴികളില്‍ ചേര്‍ത്തുവച്ചു, എന്‍റെ ഹൃദയം ചൂഴ്ന്നെടുത്ത്‌ നിന്‍റെ നിറഞ്ഞ മാറില്‍ വച്ചു, എന്‍റെ വിരല്‍ത്തുമ്പിലെ അഗ്നി നീ തുടച്ചു മാറ്റി;പകരം പ്രണയം നിറച്ചു തന്നു. ഇന്നെന്‍റെ നോക്കിലും വാക്കിലും ഹൃദയത്തിലും എന്നാത്മാവിലും നീ മാത്രം.
എന്‍റെ പ്രണയമേ, ഇന്നെന്‍റെ കണ്ണുകള്‍ കൊതിക്കുന്നത് നിന്‍റെ ദര്‍ശനം മാത്രം. എന്‍റെ അധരങ്ങള്‍ തേടുന്നത്‌ നിന്‍ ചുംബനങ്ങള്‍ മാത്രം. എന്‍റെ ഹൃദയം തുടിക്കുന്നതും എന്നാത്മാവു കേഴുന്നതും നിനക്കായ്‌ മാത്രം.

എനിക്ക് പ്രീയപ്പെട്ടവളേ, നീയെന്‍റെ പ്രണയമാകുന്നു.
എനിക്ക് പ്രീയപ്പെട്ടവളേ, നീയെന്‍റെ സര്‍വ്വസ്വവുമാകുന്നു.

" മൗനരാഗം "  

Posted by അനുജി, കുരീപ്പള്ളി. in ,

പുലര്‍ മഞ്ഞു പൊഴിയുന്ന പുഞ്ചിരി
വിരിയിച്ചൊരെന്‍ പ്രണയ പുഷ്പമേ,
ഇരുളുമീ സന്ധ്യതന്‍ ഉരുകുന്ന തേങ്ങലില്‍
എന്നെത്തനിച്ചാക്കിയകന്നതെന്തേ,
എന്‍ ഹൃദയ തന്ത്രികളിലൂറുമീ
പ്രണയലോലമാം മൗനരാഗം ഇന്ന്
ഒരുവേളയെങ്കിലും നീ കേട്ടുവെങ്കില്‍.
ഓര്‍മ്മകള്‍ മരിക്കാത്ത ജീവിതയാത്രയില്‍
നിന്നോര്‍മ്മകള്‍ മേയുമീയേകാന്തവീഥിയില്‍
അലയുമെന്നാത്മാവു നീ കണ്ടുവെങ്കില്‍.

ഉതിര്‍ന്നുപോയി നിന്‍ സിന്ദൂരരേഖയില്‍
നിന്നൊരു നുള്ള് കുങ്കുമമായ്‌ ഞാന്‍.
ഈ മണ്ണില്‍ വീണലിഞ്ഞു പോയി,നിനക്കായ്‌
നെഞ്ചകം പിളര്‍ന്നിറ്റിച്ചൊരെന്‍ ഹൃദയരക്തം.
മറക്കുവാനാകില്ല നിന്നെത്തനിച്ചാക്കി മരിക്കുവാനും.
ഓര്‍മ്മയില്‍ തെളിയുന്ന നീ തന്നെയാകുന്നു
ശ്വാസമായെന്നുള്ളില്‍ നിറയുന്നതും,

ഒരു കണ്ണുനീര്‍ത്തുള്ളിയായ് നീയെന്‍
കരളില്‍ വീണു ചിതറുമ്പൊഴും
മരിക്കുവാനാകില്ല നിന്നെ തനിച്ചാക്കി

ഇതളൂര്‍ന്നു വീണു മണ്ണിനെ പുല്‍കി
ഞാന്‍ മണ്ണായ്‌ മാറിയിന്നെങ്കിലും,
ഇനിയുമുണ്ടാം വസന്തങ്ങളെനിക്കായ്
ഇനിയുമുണ്ടാം പൊന്‍പുലരികളെനിക്കായ്‌
പുഷ്പ്പങ്ങളേറെയുണ്ടീ മലര്‍വാടിയിലെന്നാകിലും
ഇനിയും പുനര്‍ജ്ജനിക്കാം മല്‍പ്രിയേ നിനക്കായ്‌
അതിലോലമാമൊരു ചെമ്പനീര്‍ പുഷ്പ്പമായ്‌...

ഇനിയും പുനര്‍ജ്ജനിക്കാം മല്‍പ്രിയേ നിനക്കായ്‌
അതിലോലമാമൊരു ചെമ്പനീര്‍ പുഷ്പ്പമായ്‌...

പ്രണയം. [ ഭാഗം. II ]  

Posted by അനുജി, കുരീപ്പള്ളി. in ,

പേരറിയാത്ത വഴിയോരങ്ങളിലും ആല്‍ത്തറകളിലും
അമ്പല കല്‍പ്പടവുകളിലും ചുട്ടുപൊള്ളുന്ന വെയിലില്‍
പാറപ്പുറത്ത് വിരിച്ചിട്ട കോണകം പോലെ
കിടന്നുണങ്ങി കരുവാളിച്ചിരുന്ന എന്നെ നീ കോരിയെടുത്ത് മാറോടണച്ചു,
നിന്റെ ചുണ്ടുകള്‍ എന്നില്‍ ചേര്‍ത്ത് വച്ച് എന്നില്‍ ജീവശ്വാസമൂതി.
എനിക്കെന്റെ പ്രാണന്‍ നീ തിരികെ നല്‍കി.

ഞാന്‍ മൃതനായിരുന്നു നീയെന്റെ ഓജസ്സായ്.
ഞാന്‍ വ്രണിതനായിരുന്നു നീയെന്റെ സാന്ത്വനമായ്‌.
നിന്റെ വിടര്‍ന്ന കണ്ണുകളില്‍ ഞാന്‍ എന്റെ ലോകം കണ്ടു.
നിന്റെ തുടുത്ത ചുണ്ടുകള്‍ എനിക്ക് പുതുജീവനായ്‌.
നിന്റെ മാറില്‍ ഞാന്‍ എന്നെ ചേര്‍ത്ത് വച്ചു.
നിന്റെ നിശ്വാസങ്ങള്‍ എന്റെ ജീവന്റെ താളമായ്‌.

നിന്റെ ഉള്ളം കാല്‍ മുതല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു.
നിന്റെ ഉച്ചി വരെ ഞാന്‍ നിന്നെ തൊട്ടുണര്‍ത്തി.
നിന്റെ പാദസരങ്ങളില്‍ ഞാനെന്റെ സംഗീതം കേട്ടു.
നിന്‍ അണിവയര്‍ എനിക്ക് തംബുരുവായ്,
എന്‍ വിരലുകളതിന്‍ തന്ത്രികള്‍ മീട്ടി.
എന്‍ മൗനരാഗം നിന്നിലലിഞ്ഞു.
നീയെന്നെ ആ മാറോടണച്ചു,ആ മാറിലെ
ചൂടില്‍ ഞാന്‍ ഞാനൊരു പൈതലായ്‌.
എന്റെ അധരം നിന്നിലെ മാതൃത്വമുണര്‍ത്തി
നീയെനിക്കായ്‌ അമൃതം ചുരത്തി.
സ്നേഹാമൃതത്തിന്‍ മധുരം നുണഞ്ഞ്
നിന്റെ നിര്‍വൃതിയില്‍ ഞാന്‍ ചേര്‍ന്ന് മയങ്ങി.
എന്നാത്മാവ് നിന്നോട് മന്ത്രിച്ചു.

എനിക്ക് പ്രീയപ്പെട്ടവളേ, നീയെന്റെ പ്രണയമാകുന്നു.
എനിക്ക് പ്രീയപ്പെട്ടവളേ, നീയെന്റെ സര്‍വ്വസ്വവുമാകുന്നു.

പ്രണയം  

Posted by അനുജി, കുരീപ്പള്ളി. in ,

പ്രണയ ഗോപുരങ്ങളില്‍,ആളൊഴിഞ്ഞ വഴിത്താരകളില്‍ നിന്നെ തേടിയലയുമ്പോള്‍
എന്റെയുള്ളില്‍ നീയായിരുന്നു.പ്രാണനില്‍ തീയായിരുന്നു.ഞാന്‍ അഗ്നിയായിരുന്നു.
എന്റെ പ്രീയപ്പെട്ടവളേ, മായയായ് നീയെന്നിലലിഞ്ഞു ചേര്‍ന്ന നിമിഷം ഞാന്‍
മഞ്ഞുതുള്ളിയെക്കാള്‍ നൈര്‍മ്മല്യമുള്ളവനായ്,നിന്‍ ചൊടികളില്‍ ഇറ്റു വീഴാന്‍
വെമ്പി നില്‍ക്കുന്ന നീര്‍കണമായ്‌.
നിന്റെ കൊഞ്ചെലുകളില്‍ ഞാന്‍ എന്നെ മറന്നു. നിന്റെ ചുംബനങ്ങളില്‍
ഞാനൊരു വസന്തമായ്‌ . നിന്റെ നിറഞ്ഞ മാറില്‍ ഞാന്‍ എന്റെ മുഖം ചേര്‍ത്ത് വച്ചു.
നിന്റെ പുക്കിള്‍ച്ചുഴിയില്‍ ഞാനൊരു പൂമ്പാറ്റയായ്‌..നിന്റെ അധരങ്ങളെ ഞാന്‍
ചുംബനങ്ങള്‍ കൊണ്ട് മൂടി. നിന്റെ കാതില്‍ ആര്‍ദ്രമായ്‌ ഞാന്‍ മന്ത്രിച്ചു,
എനിക്ക് പ്രീയപ്പെട്ടവളെ നീയെന്റെ പ്രണയമാകുന്നു. എനിക്ക് പ്രീയപ്പെട്ടവളേ
നീയെന്റെ സര്‍വ്വസ്സ്വവുമാകുന്നു..

സ്വപ്നങ്ങളുടെ ഭാണ്ഡം  

Posted by അനുജി, കുരീപ്പള്ളി. in

നീണ്ട 25 വര്‍ഷക്കാലം, പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ തികഞ്ഞ ശൂന്യത.
ജീവിതം എന്നത് ഒരു പ്രഹസനമാണെന്ന് തോന്നിപ്പോകുന്നു.
കഴിഞ്ഞു പോയ കാലയളവില്‍ ആടിത്തീര്‍ത്ത കോമാളി വേഷങ്ങള്‍ എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്തല്‍ അസാധ്യം,അസ്സഹനീയം.
ചുവന്ന ചായം തേച്ച കോമാളിചുണ്ടിനു പിന്നിലെ നിര്‍വികാരത.
ഉള്ളിലുരുകിയുറച്ച കണ്ണീരില്‍ പടര്‍ന്നു പോയതെത്ര മുഖപടങ്ങള്‍.പിന്നെയുമെത്ര വിദൂഷക വേഷങ്ങള്‍,എത്ര മുഖപടങ്ങള്‍.
ഒന്നിനു മുകളില്‍ ഒന്നായ്‌.എനിക്കെന്റെ മുഖം തന്നെ നഷ്ടമായിരിക്കുന്നു.കയ്യടിക്കുകയും കൂക്കുവിളിക്കുകയും ചെയ്യുന്നവരുടെ
മദ്ധ്യേ, ഞാന്‍ നഷ്ടപ്പെട്ട എന്റെ മുഖം തിരയുകയായിരുന്നു. മനസ്സിന്റെ കല്ലറകളില്‍ നിന്ന് ജീര്‍ണ്ണഗന്ധം പേറിയെത്തുന്ന നിശ്വാസങ്ങളാണ്
ഇന്നെന്റെ മുഖം.എന്റെ സ്വപ്നങ്ങളുടെ ഭാണ്ഡം എവിടെയോ ഞാന്‍ വച്ചു മറന്നു. ഏറെ വിലപ്പെട്ടതായിരുന്നു എനിക്കത്.
അതിലെന്റെ നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു, എന്റെ സ്വപ്‌നങ്ങള്‍ എന്റെ ലക് ഷ്യങ്ങളായിരുന്നു.
ഇന്നു ലക് ഷ്യബോധമില്ലാത്ത ഒരു പൊങ്ങുതടി മാത്രമാണ് ഞാന്‍,ഒഴുക്കില്‍ ദിശയറിയാതൊഴുകുന്നവന്‍,സ്വയം നിയന്ത്രിക്കാന്‍ കഴിവില്ലാത്തവന്‍....

പാഴ്ജന്മം.  

Posted by അനുജി, കുരീപ്പള്ളി. in ,

അറിയില്ലെനിക്കു സ്നേഹിക്കാനല്ലാതെ
നല്കിയതില്ല ഞാന്‍ വേദനയല്ലാതെ
 
എന്തിനു ഞാനൊരു  മൊട്ടായ് പിറന്നു പിന്നെ- 
ന്തിനു ഞാനൊരു പൂവായ് വിരിഞ്ഞു?
എന്നിലാ പൂവിന്‍ സുഗന്ധം തേടിയ-
വര്‍ക്കെന്തു ഞാന്‍ നല്‍കി വേദനയല്ലാതെ?
മുള്ളുപോല്‍ കുത്തുന്ന വേദനയല്ലാതെ?
സ്നേഹം അതെന്നുള്ളില്‍ കടലായ് നിറഞ്ഞിട്ടും 
പകരുവനായില്ലത്തില്‍ നിന്നൊരിറ്റുപോലും.

പേറ്റു  നോവില്‍ തുടങ്ങിയ കണ്ണീരും വേദനയും
ഇന്നുമെന്നമ്മയെ വിട്ടോഴിഞ്ഞതില്ല,
ആ കണ്ണുകളൊരിക്കലും തോര്‍ന്നതില്ല.
കൊല്ലാതെ കൊല്ലുന്നോരാ സ്നേഹത്തിനോക്കെയും
ഞാന്‍ പകരം കൊടുത്തതും കണ്ണീരു മാത്രം.
എന്തിനെന്നറിയാത്ത പാഴ്ജന്മമിതില്‍
നേടിയതൊക്കെയും ഞാന്‍ കണ്ണീരുമാത്രം.

കാലത്തിനാകുമോ ആ കണ്ണുകളൊപ്പുവാന്‍
ഈ വാക്കുകള്‍ക്കാവുമോ എന്‍ സ്നേഹം 
പകര്‍ത്തുവാന്‍..........  

മായ  

Posted by അനുജി, കുരീപ്പള്ളി. in ,

തപം കൊണ്ട പുണ്യത്തിനായ്
ശിലയാം ശിവതേജസ്സിന്നു
സ്വയംവരമാല്യം ചാര്‍ത്തിയ
വശ്യസുന്ദരി,ഹിമവല്‍പുത്രി.

മുക്കണ്ണനെത്തേടി മാനസ്സസരസ്സില്‍
ഓംകാരമായലിഞ്ഞു ചേര്‍ന്നവള്‍.
മുറുകും തന്ത്രികളില്‍ നടരാജ
സ്പര്‍ശനം തേടുന്ന മായാവിപഞ്ചിക.
പ്രണയ ലാസ്യഭാവങ്ങളിലര്‍ദ്ധ-
നാരീശ്വരിയാവാന്‍ കൊതിച്ചവള്‍.

കാശിനാഥന്‍ തന്‍ വലംകയ്യാല്‍ ചേര്‍ത്ത്
പിന്നെ ചുടുകാട്ടിലെറിഞ്ഞവള്‍.
ചുടലഭസ്മവും പേറി കൈലാസഭ്രഷ്ടയായ്
ദേഹവും ദേഹിയുമില്ലാതലഞ്ഞവള്‍.
ഒടുവില്‍ കണ്ണീരുറഞ്ഞു ശൈല-
ശ്രിംഗങ്ങളില്‍ ഹിമശിലയായ്

കണ്ണീരുറഞ്ഞു ശൈലശ്രിംഗങ്ങളില്‍
ഹിമശിലയായ്

മായയായ് ....

കാല്‍വറിയുടെ വിലാപം.  

Posted by അനുജി, കുരീപ്പള്ളി. in


എന്തിനെന്നറിയാതെ വിങ്ങുന്നോരെന്‍
മനസ്സിന്റെ ആഴങ്ങളില്‍
ഒരു വിലാപത്തില്‍ മാറ്റൊലികള്‍ മുഴങ്ങവേ
അലയുന്നു ഞാനെന്‍ ആത്മാവിനെ തുളയ്ക്കുന്ന
ചോര മണക്കുന്നൊരാ വിലാപത്തിന്നുറവിടം തേടി

കാലത്തിന്നൂടുവഴികളിലലയവേ കണ്ടു ഞാന്‍
മദവും മതങ്ങളും മത്സരങ്ങളും
ചോരയാല്‍ പുതപ്പിച്ചോരെന്‍ സമൂഹത്തെ
കാണ്‍പു ഞാന്‍ കാണാമറയത്തോളം
കഴുകന്‍ വലിക്കുന്ന കബന്ധങ്ങളും
കോമരം തുള്ളുന്ന കിരാത വര്‍ഗ്ഗങ്ങളും
ശൂലമുനയില്‍ കോര്‍ത്തൊരു ഭ്രൂണത്തിന്‍ തുടിപ്പും
നിറവയര്‍ പിളര്‍ന്നൊരമ്മതന്‍ മരണപ്പിടച്ചിലും

മിഴിനീര്‍ നേര്‍ത്തൊരു പാളിയായെന്‍
കാഴ്ചകള്‍ മറയ്ക്കുന്നു, വീണ്ടും
അലയുന്നു ഞാനാ വിലാപത്തിന്നുറവിടം തേടി
ചോരയാല്‍ വഴുക്കുന്നോരീ
കാലത്തിന്നൂടു വഴികളിലൂടെ.

വഴുക്കുമീ വഴികളിലെവിടെയോ ഒരു
തീവണ്ടി മുറിയില്‍ നിന്നുയരുന്ന,
കരിയുന്ന മാംസത്തിന്‍ രൂക്ഷഗന്ധം.
എന്‍ തലച്ചോര്‍ തുളക്കവേ മുഴങ്ങുന്നു
വീണ്ടുമാ വിലാപത്തിന്‍ മാറ്റൊലികള്‍.

കദനം കനംതൂങ്ങുമെന്‍ശിരസ്സീരുകരങ്ങളാല്‍
താങ്ങി വിലാപത്തിന്നു കാതു കൂര്‍പ്പിക്കവേ
മിഴിനീരോഴുകിപ്പടര്‍ന്നോരെന്‍ മുഖപടത്തില്‍
ചോരയില്‍ ചാലിചു ചിത്രമെഴുതുന്നു
എങ്ങുനിന്നോ ചിതരിത്തെറിച്ചോരു പിഞ്ചുകരം.
ഉള്ളിലൊരാര്‍ത്തനാദമെന്‍ ശ്വാസം വിലങ്ങുന്നു,
കാണുന്നു ഞാന്‍ മതവും രാഷ്ട്രീയവും
ചിതറിച്ച കുരുന്നു മാംസപിണ്ടങളെ.

വിറയ്ക്കുന്ന പാദവും പിടയ്ക്കുന്ന മനസ്സുമായ്
തുടരുമെന്‍ യാത്രയില്‍ കാണുന്നു ദൂരെ
കാഷായ വസ്ത്രം കൊടിക്കൂറയാക്കി
മതഭ്രാന്തു മൂത്ത് മദിപ്പവര്‍ക്കപ്പുറം
കാരുണ്യ വാനായോരള്ളാഹുവിന്‍ നാമത്തില്‍
കഴുത്തറത്ത് കുടിപ്പവര്‍ക്കപ്പുറം
മനസ്സിന്റെ കറുപ്പിനെ വെള്ളയാല്‍ പുതപ്പിച്ചു
ദൈവത്തെപ്പോലും വ്യഭിചരിപ്പവര്‍ക്കപ്പുറം
അങ്ങ് ദൂരെ, ഒരിക്കല്‍ കുഞ്ഞാട്ടിന്‍ രക്തം
തളം കെട്ടി നിന്നൊരാ കാല്‍വറിയെ.

ഇന്നാ കാല്‍വറി വിലപിക്കുന്നു ദീനം
വീണ്ടുമൊരു യുഗപുരുഷ രക്തത്തിനായ്
വീണ്ടുമൊരു
യുഗ പുരുഷ രക്തത്തിനായ്.....

വിരഹനോവ്.  

Posted by അനുജി, കുരീപ്പള്ളി. in ,

കാലം കാറ്റിലലിയുമ്പോള്‍
കദനം കരളില്‍ നിറയുമ്പോള്‍ 
ഓര്‍മ്മകള്‍ മനസിന്റെ  സംഗീതമാകുമ്പോള്‍
വിരഹത്തിന്‍ വേദന കല്ലായ് ഞാന്‍ 
സൂക്ഷിച്ചോരെന്‍ ഹൃദയത്തെ കണ്ണീരാ-
യുരുക്കി ഒരു കടലോളം നിറയ്ക്കുമ്പോള്‍
ആ കടലിന്റെ ആഴങ്ങളില്‍ പ്രാണന്‍ പിട-
ച്ചെങ്ങോട്ടന്നറിയാതെ ഒഴുകുമ്പോള്‍ 
പ്രിയ തോഴീ,
നീ സ്നേഹിച്ചിരുന്നോരീ വിരലുകളില്‍ 
നിന്‍ സ്പര്‍ശനം  ഞാന്‍ അറിയാതിരിക്കുകില്‍ 
ആ കണ്ണുകള്‍ തുടച്ചോരെന്‍ വിരലുകളില്‍ 
നിന്‍ കണ്ണീരിന്‍ നനവ് ഞാന്‍ കാണാതിരിക്കുകില്‍
എങ്ങോട്ടെന്നറിയാതോഴുകുന്നോരെന്‍  കരതലത്തില്‍ 
നിന്‍ ഹൃദയത്തിന്‍ സ്പന്ദനം തുടിക്കാതിരിക്കുകില്‍ 
മേല്‍ക്കുമേല്‍ വച്ച് ഞാനാരാധിച്ചിരുന്ന,
മിഴിനീരോഴുകിപ്പരന്നോരാ കണ്ണുകള്‍ 
എന്നകതാരില്‍ തെളിയാതിരിക്കുകില്‍ 
അറിയുക,
നിന്‍ പ്രിയ തോഴനാമാനുജിയെ 
മരണം പുല്കിയെന്നു.

നിന്‍ പ്രിയ തോഴനാം അനുജിയെ 
മരണം പുല്കിയെന്നു.

ഉറക്കം.  

Posted by അനുജി, കുരീപ്പള്ളി. in

മുറതെറ്റി വന്നോരു വേനല്‍ ചൂടിനും
പൊടിപാറ്റി വീശുന്ന വൃശ്ചികക്കാറ്റിനും
തുണയായ് തോഴിയായ് വന്ന കുറുമ്പിയാം
മഴ നല്കിയോരിത്തിരി കുളിരാം പുതപ്പിനുള്ളില്‍
വിശന്നൊട്ടിയ വയറുമായ് തളര്‍ന്നുറങ്ങീടുന്നു
തെരുവിന്റെ മക്കളിവര്‍,
പാപവും പുണ്യവും എന്തെന്നറിയാത്ത
തെരുവിന്റെ മക്കളാം കുരുന്നു ബാല്യങ്ങള്‍.

ഇവര്‍ ആരോ ചെയ്തോരു പാപത്തിന്‍ ഫലം.

ചെയ്യാത്ത പാപത്തിന്‍ ശിക്ഷയും പേറി
തെരുവുകളിലലയുമീ കുരുന്നു മിഴികളില്‍
പകയുമില്ല പ്രതിക്ഷേധവുമില്ല,
നിറഞ്ഞൊഴുകുന്ന കണ്ണീരിന്നുപ്പ് മാത്രം.
കണ്ണുകളില്ലാത്ത കാലവും ഋതുക്കളും
കാണുവതെങ്ങനീ കണ്ണീരിന്നുറവകള്‍

കണ്ണീരിന്നുറവകള്‍ ഒഴുകി അരുവിയായ്
പുഴയായ് നദിയായ് വന്നോരു
കടലോളം നിറയുമ്പോള്‍
ചിരിക്കുന്നു കാലം അവരെ നോക്കി.
ചുറ്റിനും കാലത്തിന്‍ ചിരിയുടെ
മാറ്റൊലികള്‍ മുഴങ്ങവേ,

തെരുവിന്റെ മക്കളുറങ്ങുന്നു
കുരുമ്പിയാം മഴനല്കിയോരിത്തിരി-
കുളിരാം പുതപ്പിനുള്ളില്‍
നല്ലൊരു നാളെയുടെ സ്വപ്നങ്ങളും തേടി...

ചോദ്യങ്ങള്‍.  

Posted by അനുജി, കുരീപ്പള്ളി. in























ഒരു സൂര്യന്‍

ഒരു ചന്ദ്രന്‍


ഒരു ആകാശം

ഒരു ഭൂമി

അവിടെ ഒരായിരം മനുഷ്യര്‍

അവര്‍ക്ക് ഒരായിരം മതങ്ങള്‍

പിന്നെ ഒരായിരം ദൈവങ്ങള്‍

ഇതില്‍ ആര്‍ക്കാണ് ചോര ഒരു മതമായിട്ടുള്ളത് ?

ആരാണ് പ്രതികള്‍?

ആരാണ് വാദികള്‍?

ആരാണ് ഉടമകള്‍?

ആരാണ് അടിമകള്‍?

ആര്‍ക്കാണ് മരണം വിധിക്കപ്പെടെണ്ടത്?

ആരാണ് മരണം വിധിക്കുന്നത്?

എന്തിന് വേണ്ടി മരണം വിധിക്കപ്പെടുന്നു?

എന്താണ് അവര്‍ ചെയ്ത കുറ്റം?

ചോദ്യങ്ങള്‍ അങ്ങനെ അനന്തമായ് നീളുന്നു

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

അവ ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നു........

....അനുജി, കുരീപ്പള്ളി.