സ്വപ്നങ്ങളുടെ പണത്തൂക്കത്തില്‍
എത്താക്കൊമ്പിലുയര്‍ന്ന
മറു തട്ടിലിരുന്നാണ്
വാക്കുകള്‍ വറ്റിപ്പോയത്..
ഇരമ്പിയാര്‍ത്തൊരു
സങ്കടപ്പെരുങ്കടല്‍ കണ്ണു നിറച്ച്
ഒഴുകിപ്പരക്കും മുന്‍പ്
വിരല്‍ത്തുമ്പിലിരുന്നു വിറച്ചും
വിയര്‍ത്തും കയര്‍ത്തും
മുനയൊടിച്ചു വലിച്ചെറിഞ്ഞത്
വാക്ക് തേടി തളര്‍ന്നവന്റെ
തകര്‍ന്ന മനസായിരുന്നു..
പൊടിപിടിച്ച്,
പൊറ്റെന്‍ കെട്ടി
തേങ്ങിയും ചിലമ്പിയും
മുറിഞ്ഞു മുറിഞ്ഞ്..
ഒടുവില്‍ ഇന്നിതാ,
കഴുതയുടെ
കരഞ്ഞു തീര്‍ക്കുന്ന കാമം പോല്‍
എന്റെ കവിത...
എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
മരണമാണു ഞാന്‍
എന്റെ വാതിലില്‍
മുട്ടി വിളിയ്ക്കരുത്
മരണമാണു ഞാന്‍
എന്നിലൂടെ കടന്നു
പോകരുത്..
എനിയ്ക്കു പിന്നില്‍
ഇരുട്ടിന്റെ
അഗാധതയുണ്ട്..
വെറുപ്പിന്റെ,
നിരാശയുടെ
പടുകുഴികളുണ്ട്
വേദനയുടെ
നഷ്ടബോധങ്ങളുടെ
കൂര്‍ത്ത മുള്ളുകളുണ്ട്
മോഹഭംഗങ്ങള്‍
മരവിച്ച തണുത്ത
കല്ലറകളുണ്ട്.
കനലുറങ്ങാതെ
നീറിയെരിയും
അഗ്നികുണ്ഡങ്ങളുണ്ട്
കൂരട്ടകള്‍
നുരയ്ക്കും
വൈതരണിയുണ്ട്
മടങ്ങുക നീ നിന്നിലെ
വിലോലമാം ജീവന്റെ
നിലാവൊളിയിലേക്ക്.
മടങ്ങുക നീ നിന്റെ
സ്വപ്നങ്ങള്‍ പൂക്കുന്ന
താഴ്വാരങ്ങളിലേക്ക്..
മരണമാണ് ഞാന്‍
മോക്ഷപ്രാപ്തിയില്ലാത്ത
പെടുമരണം.
മോഹിക്കരുതെന്നും
സ്വപ്നം കാണരുതെന്നും
വാക്കാലെടുത്ത
വാഗ്ദത്തം മറന്നതിന്,
പിണങ്ങുവാന്‍
പോലുമാകാത്തവിധം
പ്രാണനില്‍ നിന്നെ
ചേര്‍ത്തുവച്ചതിന്,
ഇനി കരയരുതെന്നുറപ്പിച്ച്
ഇറുകെ അടച്ചുപിടിച്ചിട്ടും
ഇറ്റുവീണു പടര്‍ന്നു പോയ
കണ്ണുനീര്‍ തുള്ളിയ്ക്ക്,
വേദനിയ്ക്കരുതെന്ന്
ആവര്‍ത്തിച്ചു പറഞ്ഞിട്ടും,
പിന്നെയും അറിയാതെ
വിണ്ടുകീറിയ ഹൃദയത്തിന്...
ഇനിയും
എന്തു ശിക്ഷയാണ്
നീ വിധിയ്ക്കാനൊരുങ്ങുന്നത്..
കാലത്തിന്റെ കുത്തൊഴുക്കില്‍
മാഞ്ഞു പോയതല്ല..
ഉള്ളില്‍
മജ്ജയിലും മാംസത്തിലും
തുളച്ച് കയറുന്ന
മൗനത്തിന്‍റെ
വിറങ്ങലിച്ച മരവിപ്പില്‍
തണുത്തുറഞ്ഞു പോയതാണ്.
പുസ്തകത്താളിലെ
നീല വരകളില്‍ തൂങ്ങി
അങ്ങനെ കിടക്കുകയാണ്,
അനാഥപ്രേതം പോലെ..
ആത്മഹത്യയോ..
കൊലപാതകമോ?
അറിയില്ല.
ഒരു പോസ്റ്റ്മോര്‍ട്ടം,
കീറി മുറിച്ച്,
കാര്യകാരണങ്ങള്‍ ചികഞ്ഞ്..
ഭയമാണെനിയ്ക്ക്.
വേണ്ട.. ഒന്നും വേണ്ട..
അങ്ങനെ തന്നെ കിടക്കട്ടെ
എന്നിലെ വാക്ക്,
അതു മരിച്ചു..
അത്ര തന്നെ..
ഞാന്‍ നടക്കട്ടെ..
ഏറെയുണ്ട് ദൂരം..
നീയെന്റെ സിരകളില്‍
ഒഴുകിപ്പടരുന്ന
നിതാന്തമാം ഭ്രാന്തുമെന്ന-
സ്ഥികളെ ചുറ്റിപ്പിണയും
സര്‍പ്പിണിയും
എന്‍ പ്രാണനെ
കാര്‍ന്നു തിന്നു-
മര്‍ബുദവും.
പ്രണയമേ,
നീയെന്റെ പ്രാണനെ..
കൊളുത്തിവലിയ്ക്കും
ചാട്ടുളി പോലെന്നുടല്‍ നീറ്റും
പിന്നെയെന്‍
വ്രണിത ഹൃത്തിന്‍
പൊറ്റന്‍ പൊളിച്ചതില്‍
നിണമൊഴുക്കും.
പ്രണയമേ,
നീയെന്റെ മുറിവായില്‍
നഖം കോറി
ചിണുങ്ങി,
പരിഭവിയ്ക്കും.
കൊടിയ വേദന-
യ്ക്കൊടുവിലൊരു
നറുപുഞ്ചിരിയാലെന്നെ
തഴുകിയുറക്കും.
അഗ്നിവര്‍ഷം പോലെന്നെ
വിഴുങ്ങുവതും നീ...
കുളിര്‍മഴയായെന്നില്‍
നിറയുവതും നീ..
നിലാവുപോലെന്നെ
തഴുകുവതും നീ...
എന്‍
പ്രണയമേ..
നിന്‍ പേരോ..
സുന്ദരഭ്രാന്ത്.. !!?
രംഗം 1
വുവസലയുടെ ഹുങ്കാരത്തോടെ
വക്ക വക്ക താളത്തില്‍
കാല്‍പ്പന്തിന്റെ ആവേശം
തിരതുള്ളുന്നു സിറ്റിംഗ് റൂമില്‍.
രംഗം 2
ഒന്ന് നിര്‍ത്തുന്നുണ്ടോ ..??
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ആഹാ അത്രയ്ക്കായോ..??
വക്ക വക്കാ...
പ്രൈസ് ദ് ലോര്‍ഡ്...
വിവാ വിവാ....
ഠിം.. !!
രംഗം 3
ടി വി’യിലെ സുവിശേഷം
കേട്ട് മുട്ടുകുത്തി
പാപമോചനത്തിനുള്ള
പ്രാര്‍ത്ഥന
ഏറ്റു ചൊല്ലുന്ന ഭാര്യ .
രംഗം 4
കളി തീരും മുന്‍പേ
സ്വര്‍ഗ്ഗരാജ്യത്തെത്താന്‍.
ചോരവാര്‍ന്ന് ചലനമറ്റ
സ്വശരീരത്തെ
പിന്നിലുപേക്ഷിച്ച്
തിരക്കിട്ട് പായുന്ന
ഭര്‍ത്താവ്..
മുപ്പത് വെള്ളിക്കാശിന്
സ്നേഹ ചുംബനത്താല്‍
രക്ഷകനെ ഒറ്റിക്കൊടുത്ത
യൂദാസേ..
പശ്ചാത്താപം കൊണ്ട്
പാപം കഴുകിയവനേ..
നീ വിശുദ്ധനാകുന്നു.
മരക്കുരിശേറി
പ്രാണന്‍ വെടിഞ്ഞവനേ..
നിന്റെ വിശ്വാസികളിതാ
പച്ചനോട്ടുകള്‍ക്ക്
കുരിശ് വിറ്റ്
തിന്ന്,
കുടിച്ച്,
മദിച്ച് നടക്കുന്നു.
വെട്ടിപ്പിടിക്കലുകളുടെയും
കെട്ടിപ്പടുക്കലുകളുടെയും
ലോകത്ത്
നഷ്ടപ്പെടലുകളുടെയും
നഷ്ടപ്പെടുത്തലുകളുടെയും
കണക്കെടുത്തവന്‍
വൃഥാ പരിതപിച്ചും
പതം പറഞ്ഞും
കുപ്പത്തൊട്ടിയിലേക്ക്
ചുരുങ്ങുന്നു...
ഒരു യാത്രയാണ് ജീവിതം,
ടയര്‍ പഞ്ചറായതുകൊണ്ട്
യാത്ര പാതിവഴിയിലും
ജീവിതം കട്ടപ്പുറത്തുമാണ്..
പ്രാണനുരുകും പ്രണയജ്വാലയില്‍,
എരിഞ്ഞൊടുങ്ങുമ്പോളൊ-
ടുവിലൊരുപിടി വെണ്ണീറില്‍ പൊതിഞ്ഞ്
ചുട്ടുപഴുത്തൊരു വാക്കായ്
നീയുണ്ടാവും...
ഞാന്‍ നെഞ്ചൊട്
ചേര്‍ത്ത
നിനക്ക് ഏറെ പരിചിതമായ
ആ വാക്ക്...

അന്ന്
വീഴാനാഞ്ഞപ്പോള്‍
കയ്യെത്തിപ്പിടിച്ചത്,
വേരറ്റു ചടച്ചോരു
മുളം ചില്ലയില്‍.
പിന്നെ
ചിതലരിച്ച കഴുക്കോലില്‍
ജീവിതം കൊരുത്തപ്പോള്‍
നുറുങ്ങി വീണത്,
മരണമെന്ന ആശ്രയം
പകല്‍
വെട്ടിത്തിരുത്തിയ
അക്കപ്പെരുക്കങ്ങളില്‍
അലറിക്കരഞ്ഞത്,
വിശപ്പെന്ന സത്യം.
രാത്രി
കഴുത്തിലമര്‍ന്ന
മൂര്‍ച്ചയുള്ള തണുപ്പില്‍
ശ്വാസം വിക്കിയത്,
നിസ്സഹായന്റെ ഭീരുത്വം.
കിടപ്പറയില്‍
താലിച്ചരടില്‍ കുരുങ്ങിയവളുടെ
കണ്ണീര്‍ നെഞ്ചു നനച്ചപ്പോള്‍
വഴുതി വീണത്, അശാന്തിയുടെ
കാണാക്കയങ്ങളില്‍.
തെരുവില്‍
പച്ച നോട്ടുകളുമായ്
അടുത്തവന്റെ നെഞ്ചില്‍
കത്തിപായിച്ചത്,
അളമുട്ടിയന്റെ ശൂരത്വം
ഒടുവില്‍
ഇരുട്ടില്‍ നിന്നും
മിന്നായംപോലെ
മൂളിയെത്തിയ തിളക്കത്തില്‍,
വഴിപിഴച്ചവന്റെ അന്ത്യവിധി.

1.
അടക്കോഴിയുടെ അടിവയറ്റില്‍
മാതൃത്വം ചുട്ടുപൊള്ളുമ്പോള്‍,
കുടുസ്സുമുറിയിലെ മഞ്ഞവെട്ടത്തില്‍
നാളെയുടെ പ്രതീക്ഷകള്‍
നിരന്നിരുന്നു വിറുങ്ങലിയ്ക്കുന്നു.
2.
മുലപ്പാല്‍ ചുരത്തിയ മാറില്‍നിന്നും
അവസാന തുള്ളി ചോരയുമൂറ്റി
ഐ.എസ്.ഐ മുദ്രചാര്‍ത്തി
വില്പനയ്ക്ക് വെക്കുന്നു കോളക്കമ്പനികള്‍.
3.
അത്താഴത്തിനു മുന്‍പ് ഉറങ്ങീപ്പോയ
മകന്റെ വിഹിതത്തില്‍ വെള്ളമൊഴിച്ച്
കണവനു കാലത്തെ പ്രാതലൊരുക്കുന്നു
അടുക്കളക്കോലായിലൊരമ്മ.
4.
അഭിനവകാമുകനൊളിച്ചു വെച്ച
പിക്സല്‍ കൂടിയ ക്യാമറയ്ക്ക് മുന്നില്‍
പതിനേഴുകാരിയുടെ മാറിലൂടെ
ഇഴഞ്ഞു നടക്കുന്നു പ്രണയം.
നിറംകെട്ട ചൂഷിത -ചൂഷകര്‍
കപ്പലണ്ടിപ്പൊതികളായപ്പോള്‍,
പുതിയ ചൂഷണങ്ങള്‍ തേടി
പേനയില്‍ മഷിനിറച്ച്
പത്രം നിവര്‍ത്തുന്നു ഞാനും.
അറിയില്ലെനിക്കിന്നു
കണ്ടതേതു സ്വപ്നമെന്ന്.
അതോ തിരശ്ശീലയില്ലാ
തിരക്കഥതന്‍ പച്ചയാം
ആവിഷ്കാരമോ ?
മുദ്രാവാക്യങ്ങളെപ്പൊഴോ
ചിലമ്പിയ കലമ്പലായ്,
കദനമായ്.
ചിതറിയോടുന്നവരിവര്‍
ദളിത വര്‍ഗ്ഗം.
ഓടിയടുക്കുന്നു
മുളവടി,കുറുവടി,
കൊടികളുമേന്തി
മറ്റൊരു കൂട്ടരവര്‍
സവര്‍ണ്ണരത്രേ..
ഏഴഴകിന്നു
മൂക്കുത്തി ചാര്‍ത്തിയ
തരുണയവളരണ്ട
മാന്‍പേടപോല്‍
കുതറിയോടുന്നു.
വ്യാഘ്രങ്ങളെപ്പോല്‍
ദുരമൂത്ത് വെറിപൂണ്ട്
അലറി
പായുന്നു പിന്നാല്‍
ജാതിക്കോമരങ്ങള്‍.
പഴകിയതെങ്കിലുമേറെ
പ്രീയമായിരുന്നവള്‍ക്കാ
ചെറുപൂക്കള്‍ തുന്നിയോ-
രുടുപുടവകള്‍,
വേറെയൊന്നില്ലതാനും.
പറിച്ചെറിഞ്ഞൂ
നരാധമന്മാര്‍
ദളിതയിവള്‍ മുഷ്ടി ചുരുട്ടിയത്രേ..
മുദ്രാവാക്യമുയര്‍ത്തിയത്രേ..
തേവിടിശ്ശി...
ഒറ്റക്കണ്ണന്മാര്‍
ചിമ്മിത്തുറക്കുന്നു കണ്ണുകള്‍,
ഒപ്പിയെടുക്കുന്നു
അസുലഭ മുഹൂര്‍ത്തത്തിന്‍
ഇക്കിളി സ്മരണകള്‍.
യവ്വനതരളമാം
നിറമാറുമറയ്ക്കുവാന്‍
വെളുത്ത ധാര്‍ഷ്ട്യം വലിച്ചഴിച്ച
അടിവസ്ത്രത്തിന്നു
പകരം വയ്ക്കുവാന്‍,
നിറഞ്ഞൊഴുകുന്ന
കണ്ണീരൊപ്പുവാന്‍
കൈകള്‍ തികയാതെ
നിന്നവളിവള്‍ സ്ത്രീ,
അബല.
മനം പിടഞ്ഞ്
മാതാപിതാക്കള്‍.
വേദന,അപമാനം.
നിസ്സഹായതയില്‍
മണ്ണോട് ചേരുന്നു സ്ത്രീത്വം.
മുരളുന്നു മുളവടികള്‍ പിന്നെയും.
കുറുവടികള്‍ ഉയര്‍ന്നു താഴുന്നു.
പിടഞ്ഞോടിത്തെരുവിന്‍
മാറില്‍പ്പതുങ്ങി
നാണം മറയ്ക്കുവാന്‍
ഒരു തുണ്ട് പഴന്തുണിയ്ക്കെങ്കിലും
കേഴുന്നു കന്യക,
ഞാന്‍
കവിപുംഗവന്‍
ത്ഫൂ...
തൂലിക പടവാളാക്കുവാന്‍
കീശ തടവുന്നു.
ഉള്ളിലെവിടെയോ കണ്ണുനീര്‍ തുള്ളികള്‍ മുളപൊട്ടി വളര്‍ന്ന് തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നു. ഇത് പൂക്കാലമാണ്, വേദനകളുടെ പൂക്കാലം. മതിമറന്നൊന്ന് ആസ്വദിക്കട്ടെ ഞാന്‍....
“പറയാതെ പോയ വാക്കുകളും കുറിക്കാതെ പോയ കവിതകളും എന്നെങ്കിലും ഒരിക്കല്‍ നിന്നെ തേടിയെത്തും അന്നെന്റെ പ്രണയം നീ തിരിച്ചറിയും, എന്റെ ജീവന്റെ തുടിപ്പുകള്‍ നീ ഏറ്റുവാങ്ങും..അന്ന് നിന്നിലൂടെ ഞാന്‍ പുനര്‍ജനിക്കും.....”

“റം എന്ന് പറഞ്ഞാല്‍
വിശ്വ സുന്ദരിയാണവള്‍.
പുരുഷനെ മയക്കുന്ന,
വശ്യ സുന്ദരിയാണവള്‍.
ബോധാബോധങ്ങളെ
കീഴ്മേല്‍ മറിക്കുന്ന,
മായാമോഹിനിയാണവള്‍.
ഇക്കിളിയുണര്‍ത്തും
കാമിനിയാണ
അകംപുറം കഴുകുന്ന
കുടുംബിനിയാണവള്‍.
.......................................
അങ്ങനെ മൊത്തത്തില്‍
ഒരൊന്നൊന്നര സംഭവം ആണവള്‍.
ഹൊ.. എന്റെ റമ്മേ.... ”
.........................................

നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനീകരം.
നവയുഗ പാപങ്ങ-
ളേറ്റാന്‍ വന്നവന്‍
മരക്കുരിശേന്തി,
പുരുഷാരമില്ലാതെ
വിലാപങ്ങളില്ലാതെ
ഏകനായ്,
വ്രണിതനായ്
സീരിയല്‍ വിശുദ്ധരില്ലാത്ത
ഗാഗുല്‍ത്താ തേടി
പാദങ്ങളുന്തി തളര്‍ന്നേതോ
സെമിത്തേരിയില്‍
സ്വയം കുരിശേറി
“എലോഹീ എലോഹീ
ലമ്മാ ശബ്ബക്താനി”-യെന്നു
കേണും പുലമ്പിയും
പ്രാണന്‍ വിടുമ്പൊഴും
പുരുഷാരം
വിഢ്ഡിപ്പെട്ടിയ്ക്ക്
മുന്നിലിരുന്ന്
കുരിശു വരയ്ക്കുകയായിരുന്നു.

ഇതെന്റെ സ്മാരകമാണ്.
നഗര വേഗത്തിനൊപ്പം
ഓടിക്കിതച്ചവന്റെ,
ഇടറി വീണവന്റെ
നിറം കെട്ട സ്മാരകം.
ഒഴുകുന്ന നഗരവീഥിയില്‍
ഓരം ചേര്‍ന്ന്
നിര്‍ന്നിമേഷനായ്
തല ചൊറിഞ്ഞും
നാവുനീട്ടിയണച്ചും
ലക്ഷ്യമില്ലാതെ,
എന്തെന്നറിയാതെ
മോങ്ങിയും
ഓളിയിട്ടും
മൂടുരച്ചും
കാലം കഴിച്ചവന്‍.
സ്വപ്നങ്ങള്‍ക്ക് നേരെ
കുരച്ചു ചാടി
തളര്‍ന്ന്
പത നുരച്ച്
വെറി നായെന്നു ചൊല്ലി
കല്ലേറു കൊണ്ട്
മുടന്തി നീങ്ങിയവന്‍.
വേച്ചും തളര്‍ന്നും
പാതയോരത്ത്
ഒരു തൂമ്പാക്കുഴിയില്‍
മണ്‍ മറഞ്ഞവന്‍.
എന്റെ ജീര്‍ണ്ണതയ്ക്ക്
തടയിടാന്‍ ആരോ-
തൂക്കി വെച്ച ഈ കല്ല്,
ഇതെന്റെ സ്മാരകമാണ്
ഒരു തെരുവു പട്ടിയുടെ
സ്മാരകം.




