If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







ഇനിയും പിറക്കാത്ത ജന്‍മങ്ങള്‍.  

Posted by അനുജി, കുരീപ്പള്ളി.





ഇനിയും പിറക്കാത്ത ജന്മങ്ങളേ, നിങ്ങള്‍
പിറക്കാതിരിക്കുവിന്‍ മണ്ണിലേക്കിന്നിനി.
ഇവിടെ ശ്വാസത്തിന്‍ ദുഷിപ്പുകള്‍ മാത്രം,
അമ്ലം ചുരത്തുന്നോരമ്മിഞ്ഞ മാത്രം,
കാമം കറുക്കുന്ന കാരിരുള്‍ മാത്രം,
തിമിരം തിമിര്‍ക്കുന്ന കണ്ണുകള്‍ മാത്രം,
പുഞ്ചിരി തൂകുന്ന കാപട്യം മാത്രം

ഇനിയും പിറക്കാത്ത ജന്മങ്ങളേ..
ഇവിടെയില്ലിനി തേനും വയമ്പും നിന്‍
പിഞ്ചുനാവില്‍ തൊട്ടക്ഷരം കുറിക്കുവാന്‍
വെയിലേറ്റു വാടും നിന്‍ കണ്ണിലിരുളായ്
പിന്നെയും നാവിലേക്കിറ്റിക്കും
പൊയിലക്കടുപ്പിന്‍ മയക്കം മാത്രം.
ഇവിടെയില്ലിനി മഞ്ചാടി മണികള്‍
നിന്‍ തൊടുവിരല്‍ തൊട്ടെണ്ണിപ്പഠിക്കുവാന്‍.
ഇവിടെയീ മണ്ണിലിറ്റിറ്റു വീഴുന്ന ചുടു-
നിണപ്പൊട്ടുകള്‍ മാത്രം; ഇനി നിനക്കായ്‌
ചുടുനിണപ്പൊട്ടുകള്‍ മാത്രം.

കണ്ണീരു പെയ്യുന്ന കാലത്തിലേക്കി-
നിയും പിറക്കാത്ത ജന്മങ്ങളേ,
ഇവിടെയില്ലിനി താരാട്ടുപാട്ടുകളെന്‍
പൈതലേ, നിന്നെ പാടിയുറക്കുവാനീ-
തെരുവിന്‍ നിലക്കാത്ത രോദനം മാത്രം.
ചൊല്ലിപ്പഠിക്കുവാനക്ഷരക്കൂട്ടില്ലയിന്നു-
നിന്‍ ചുമലേറ്റുവാന്‍ തീരാച്ചുമടുകള്‍ മാത്രം

ഇവിടെ ചായുറങ്ങാന്‍ നിനക്കമ്മതന്‍ ചൂടില്ല,
പിച്ചവെയ്ക്കാനച്ഛന്റെ കൈവിരല്‍ തുമ്പുമില്ല.
ഭൂതരാവുകളില്‍ നിനക്കുകൂട്ടായ് പഴകിപ്പൊടിഞ്ഞോരു
പഴന്തുണിക്കെട്ടിന്‍ മുഷിവു മാത്രം.പിന്നെ,
പിച്ചവെയ്ക്കും തെരുവുകളില്‍ നിന്നില്‍ത്തറയ്ക്കുവാന്‍
തീരാത്ത ശാപമായ്‌ വര്‍ഗ്ഗദ്വേഷത്തിന്‍ മുള്ളുകളും

ഇനിയും പിറക്കാത്ത പൈതലേ നീയറിഞ്ഞീലയോ?
മണ്ണിലഗ്നി പുഷ്പ്പങ്ങള്‍ പൂക്കുന്നതും,
കൂടെപ്പിറപ്പുകള്‍ വെടിയേറ്റു വീണതും,
അവരുടെ കുഞ്ഞുപെങ്ങളെ തെരുനായ്ക്കള്‍ തിന്നതും?
നീയറിഞ്ഞീലയോ? താതകാമത്തിന്നഴുക്കു-
ചാലില്‍ പിഞ്ചു മക്കളെ പുഴുവരിച്ചതും?

ഇവിടെയില്ലിനി ആകാശശോണിമ
നിന്‍ കവിളില്‍ തലോടുവാന്‍
ഇവിടെയില്ലിനി ഇഷ്ടരാഗം മൂളിയെത്തും
തളിരിളം കാറ്റും, നിന്നില്‍
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാനോടിയെത്തും
വസന്തങ്ങളും,

ഇവിടെയീപ്പൂക്കള്‍ക്ക് മീതെ,
പെയ്തിറങ്ങുംവിഷലായകങ്ങളും
തുടുത്ത, വിഷലിപ്തമാം
പറങ്കിമാമ്പഴങ്ങളും,
ചുവന്നു തുടുത്തു പഴുത്തു
പൊട്ടുന്ന വൃണങ്ങളും,
പിന്നെയീ ചാണകത്തറയില്‍
നിനക്കു കൂട്ടായ്
ചലം നുകരാന്‍ മൂളിയെത്തും
മണിയീച്ചയു മസ്സഹ്യമാം
വേദനയും മാത്രം

ഇനിയും പിറക്കാത്ത പൈതലേ
നീയറിഞ്ഞീലയോ..
നിനക്കു മുന്‍പേ നടന്നവര്‍ ഞങ്ങള്‍
നിനക്കു മുന്‍പേയിടറി വീണവര്‍ ഞങ്ങള്‍
ഒരു നായ്ത്തുടലില്‍ മോചനം കാത്ത്
കിടക്കുവോര്‍ ഞങ്ങള്‍
ഇഷ്ടികക്കളങ്ങളില്‍,
കരിമ്പിന്‍ കാടുകളില്‍
ചുമടേറ്റി തളര്‍ന്നവര്‍ ഞങ്ങള്‍.
കാണ്‍ക നീ, കരലാളനങ്ങള്‍
കൊതിച്ചൊരീ കപോലങ്ങളില്‍
വീണു തിണര്‍ത്ത കനത്ത
കൈവിരല്‍പ്പാടുകള്‍...

ഇനിയും പിറക്കാത്ത ജന്മമേ
കാണ്‍ക നീ,ഗര്‍ഭ്ഭഭിത്തികള്‍
തുളച്ചിങ്ങിവിടെയീ ഭൂമിയില്‍
കണ്ണീരു വറ്റിയ കണ്ണുകളൊക്കെയും
കാണ്‍ക നീ, നിനക്കായ്
കാത്തിരിക്കും കഴുകന്‍ കണ്ണുകളും
ഒരു പൂമ്പാറ്റയെപ്പോല്‍ പാറി-
നടന്നവളിവളുടെ തളിരിളം മേനി-
യിലാഴ്ന്നിറങ്ങി ചുടുനിണം
ചാര്‍ത്തിയ നഖരമുനകളും

ഇനിയും പിറക്കാത്ത ജന്മമേ...
നീയിവിടെയീ മണ്ണില്‍ പിറന്നുപോയീ-
ടുകില്‍ നിശ്ചയം, അറ്റു പോയീടും
പത്തുമാസം നീ കണ്ട മോഹസ്വപ്നങ്ങളു-
മറ്റുപൊയീടും പൊക്കിള്‍ക്കൊടിയോ -
ടൊത്തു ജന്മബന്ധങ്ങളും...

പിന്നെ,നീയുമൊരനാഥ(ന്‍)
തെരുവിന്‍റെ സന്തതി

മലംപുരണ്ട് തെരുനായ്ക്കള്‍ക്കൊപ്പം
എച്ചിലിലകളിലന്നം തേടി...........

ഇനിയും പിറക്കാത്ത ജന്മങ്ങളേ
നിങ്ങള്‍ പിറക്കാതിരിക്കുവിന്‍
മണ്ണിലേക്കിന്നിനി......
നിന്‍ സ്വപ്‌നങ്ങള്‍ നിറമറ്റു കറുക്കുംമുന്‍പേ
നിന്‍ മോഹങ്ങള്‍ മണ്ണില്‍ വീണുടയും മുന്‍പേ
ഉണരൂ നീ...ഉണരൂ നീ
ഗര്‍ഭ്ഭ ഭിത്തിക്കുള്ളിലെ സുഷുപ്തിയില്‍നി -
ന്നുണര്‍ന്നു പിന്നെ പിഞ്ചുകയ്യാല്‍
നിന്നന്നദാതാവാം പൊക്കിള്‍ക്കൊടിയെ
കഴുത്തില്‍ ചുറ്റി കെട്ടുപോയിടൂ
വെറുമൊരു മാംസപിണ്ഡമായ്
ഒരു ചാപിള്ളയായ്.......

സ്വതന്ത്ര ഭാരതം... !!!  

Posted by അനുജി, കുരീപ്പള്ളി.



ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി...
ഇനി എന്നാണ് ഈ കുരുന്നിനു ഒരു സ്വാതന്ത്ര്യം ലഭിക്കുന്നതു... ഇതു പോലെ എത്രയെത ജന്മങ്ങള്‍...
ജനിച്ചനാള്‍ മുതല്‍ സ്വാതന്ത്ര്യം എന്തെന്നു അറിയാത്തവര്‍... ഈ കുട്ടിയുടെ മുഖത്തെക്കു ഒന്നു നോക്കു
ഒരു സമൂഹത്തിന്റെ പ്രതീകം അല്ലേ ഇവള്‍.... കുരുന്നു പ്രായത്തില്‍ തന്നെ ഒരു ജന്മത്തിന്റെ മുഴുവന്‍ ദു:ഖങ്ങളും ആ മുഖത്തു പ്രതിഫലിക്കുന്നില്ലേ......വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നോ ഭാരതം സ്വതന്ത്രമായത്രേ...
ഇനി എന്നാന്നു മൂവര്‍ണ്ണക്കൊടിയുടെ ചുവട്ടില്‍ നിന്നു സല്യൂട്ട് സ്വീകരിക്കുന്ന ഭരണാര്‍ത്ഥി വര്‍ഗ്ഗം ഈ മുഖത്തേക്കു കരുണയൊടെ ഒന്നു നോക്കുകയെങ്കിലും ചെയ്യുന്നതു... അടുത്ത തിരഞ്ഞെടുപ്പു വരുമ്പൊഴോ..ഇല്ല അതും ഉണ്ടാവില്ല..അവള്‍ക്കു വോട്ടവകാശം പോലും ഇല്ലല്ലൊ.........കഷ്ടം.........

തെരുവുപെണ്ണിന്‍റെ മാനം..  

Posted by അനുജി, കുരീപ്പള്ളി. in





























കറുത്ത രാത്രികളി-
ലിരുട്ടിന്‍റെ മറപറ്റി
തെരുവിന്‍റെ മക്കളെത്തേടി
നടന്നു നീങ്ങുമ്പോള്‍
നീയറിഞ്ഞില്ല, നീ ഓര്‍ത്തില്ല
നിന്‍റെ വീടിന്‍റെ ഉമ്മറപ്പടിയില്‍
പെറ്റുപോയി എന്നൊരു
കുറ്റവും പേറി
ശുഷ്ക്കിച്ച ഒരു ഗര്‍ഭപാത്രമുണ്ടെന്നു
നിന്നെ പെറ്റു പോയി
എന്നൊരു കുറ്റവും പേറി
ഒരു ഗര്‍ഭപാത്രമുണ്ടെന്നു,
ഒരമ്മയുണ്ടെന്നു....

നിന്‍റെയുള്ളില്‍ കാമം
പതഞ്ഞു പൊങ്ങുമ്പോള്‍
നീ ഓര്‍ത്തില്ല...
വഴിക്കണ്ണുമായ്‌
നിന്നെയും കാത്ത്
മുലപ്പാലുവറ്റിയ മാറില്‍
വാത്സല്യത്തിന്‍
അമൃതം ചുരത്തി
നിന്‍റെ കാലടികളില്‍
നിനക്കു തുണയാകാന്‍
കരളുരുകിവിലപിക്കു-
ന്നൊരരമ്മയുണ്ടെന്നു...

ഈ തെരുവുപെണ്ണിന്‍
മാനവും ചേലയും
ചീന്തിയെറിയുമ്പോള്‍,
നീ കണ്ടില്ല..
കാണാന്‍ ശ്രമിച്ചില്ല..
ഒരു ചേലത്തുമ്പിലെ
നിന്നോളം പഴക്കമുള്ള..
കണ്ണീര്‍പ്പാടുകള്‍..
നിനക്കായ്‌ കേഴുന്നൊരമ്മതന്‍
വറ്റാത്ത കണ്ണീര്‍ പാടുകള്‍..

ഒടുവില്‍
മുലപ്പാലു തുടിക്കുന്നോരീ
തെരുവു പെണ്ണിന്നു..
പിഴച്ചുപെറ്റവളെന്നൊരു
മുദ്രയും ചാര്‍ത്തി നീ
വെളുത്ത ലോകത്തില്‍
ലയിക്കുമ്പോള്‍....

ഇവിടെയീ തെരുവിന്നോരത്തു
ഒരു പിഞ്ചിയ ചേലയും
ഓട്ടു പാത്രത്തിലെ -
നാണയക്കിലുക്കവും
ഒരമ്മതന്‍ കണ്ണീരും മാത്രം
ബാക്കി.....