"ഞാന്‍ ഒരു ഭ്രാന്തന്‍ ആണ് ,ഞാന്‍ ഒരു ഭ്രാന്തനായിക്കൊണ്ടിരിക്കുന്നു, ഞാന്‍ സ്വയം ഒരു ഭ്രാന്തനാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഇതില്‍ ഇതാണ് സത്യം എന്നെനിക്കിപ്പോഴും അറിയില്ല.
അര്‍ത്ഥമില്ലാത്ത ജീവിതത്തിന്റെ വിരസമായ ഓരോ നിമിഷങ്ങളും കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോഴും അര്‍ത്ഥമില്ലാത്ത ജീവിതത്തിന്റെ അര്‍ഥങ്ങള്‍ തേടി മനസും ചിന്തകളും പുകച്ചു കൊണ്ടിരിക്കുന്നത് ഒരു പടു വിഡ്ഢി,അതെ ഞാന്‍ അനുജി കുരീപ്പള്ളി എന്ന പടു വിഡ്ഢി. അനുജി സുഹൃത്തുക്കളെ ഭ്രാന്തമായി സ്നേഹിക്കുന്നു, ദുരിതങ്ങളിലാണ്ടുപോയ സമൂഹത്തെ സ്നേഹിക്കുന്നു,കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു,എന്നെ ശത്രുവായി കാണുന്നവരെയും സ്നേഹിക്കുന്നു,വിരസമായ നിമിഷങ്ങളേയും ഭ്രാന്തമായ ചിന്തകളെയും സ്നേഹിക്കുന്നു.ഏകാന്തതയെയും ഒറ്റപ്പെടലിനെയും സ്നേഹിക്കുന്നു.വേദനകളെയും ലകഷ്യമില്ലാത്ത യാത്രകളെയും സ്നേഹിക്കുന്നു.പിന്നെ ചിത്രങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്നു അപ്പോഴും എനിക്കറിയില്ല ഞാന്‍ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്.
സ്നേഹിക്കാനല്ലാതെ അത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കുവാന്‍ എനിക്ക് അറിയില്ല.
ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു.
മൗനം; മഞ്ഞു പോലെ, നനുത്ത മഴ പോലെ,പൌര്‍ണമിയിലെ നിലാവ് പോലെ, പുതുമഴ നനഞ്ഞ മണ്ണിന്റെ മണം പോലെ nostalgic ആയ മൗനം എന്റെ സ്നേഹം, സൌഹൃതം, പ്രണയം,സെക്സ് അങ്ങനെ എല്ലാത്തിലും എന്നെ സംബന്ധിക്കുന്ന എല്ലാത്തിലും ആ മൗനത്തിന്റെ സ്പര്‍ശം അടങ്ങിയിരിക്കുന്നു.ഇന്നാ മൌനതിനെ ഞാന്‍ പ്രണയിക്കുന്നു, മരണം പോലെ തണുത്ത ആ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ ഞാന്‍ കൊതിക്കുന്നു.
ഞാന്‍ എന്നോട് തന്നെ ചോദിച്ചു പഴകിയ ഒരു ചോദ്യമുണ്ട്, ഞാന്‍ സ്നേഹിക്കുന്നവരെ കാണുമ്പോള്‍ എന്തുകൊണ്ടാണ് ഞാന്‍ തീര്‍ത്തും മൗനിയായിരിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന്?
ഒരു പക്ഷെ, എന്റെ മൗനത്തെക്കാള്‍ അര്‍ത്ഥമുള്ള ഒരു വാക്ക് കണ്ടെത്താനെനിക്ക് കഴിയാത്തത് കൊണ്ടായിരിക്കാം.."
എന്നെക്കുറിച്ച്.
- അനുജി, കുരീപ്പള്ളി.
- "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍......
" ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. "
"പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..."
"കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ "
"നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍"
"ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍"
"വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍"
"മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍"
"അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍"
"സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..."
"ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍"
"മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍"
"ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "
ഒരിക്കല്‍ ഒരു പ്രണയ ദിനത്തില്‍ നീയെന്നോട് പറഞ്ഞു, ചുവപ്പുനിറം നിനക്കു എത്രയേറെ പ്രിയപ്പെട്ടതാണ് എന്ന്. അന്ന് ഞാന്‍ എന്റെ ഹൃദയ രക്തം കൊണ്ടു നിനക്കെന്റെ പ്രണയം കുറിച്ചു തന്നു. പിന്നെയൊരു പ്രണയദിനത്തില്‍ ആരും കാണാതെ ഞാനെന്റെ ഹൃദയം നിന്റെ കയ്യില്‍ വച്ചു തന്നു. ചുവന്ന പ്രണയദിനങ്ങള്‍ പിന്നെയും എത്രയോ കടന്നു പോയി, ഒടുവില്‍ ആരോതന്ന ഒരു ചുവന്ന റോസാപ്പൂവുമായി നീ എവിടേക്കോ നടന്നു മറഞ്ഞപ്പോള്‍ പാതയോരത്തെ പൂഴിമണ്ണില്‍ കിടന്നെന്റെ ഹൃദയം അവസാനമായ് മന്ത്രിച്ചു, "ഒരു പക്ഷേ ആ റോസ്സാപ്പൂവിനു എന്നേക്കാള്‍ ചുവപ്പുണ്ടായിരുന്നിരിക്കാം.............."
ജീവിത യാത്രയില്‍ ഞാന്‍ ഒപ്പമുണ്ടായിരിക്കണം എന്ന് നീ ആശിച്ചു, എന്നാല്‍ ഞാന്‍ നിന്റെ പിന്നില്‍ ആയിരുന്നു.
ഒരു പിന്‍ വിളിക്ക് നീ കാതോര്‍ത്തു,എന്നാല്‍ ഞാന്‍ മൗനിയായിരുന്നു. എന്റെ മൗനം, എന്റെ പ്രണയമായിരുന്നു.
എന്റെ കാലുകള്‍ തളരുന്നതും കാലം നമുക്കു മദ്ധ്യേ അകലം കൂട്ടുന്നതും അറിയാതെ അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് ഒരു പൊട്ടു പോലെ നീ നടന്നു മറയുമ്പോള്‍ ഞാന്‍ ആരെയാണ് ശപിക്കേണ്ടത് മനുഷ്യന്റെ തലയ്ക്കു പിന്നില്‍ കണ്ണുകള്‍ നല്‍കാത്ത ഈശ്വരന്മാരയോ അതോ ഈ എന്നെത്തന്നെയോ??????????
അങ്ങു ദൂരെ ചക്രവാളത്തിന്റെ കണ്ണ് ചുവക്കുന്നതും ആ ചുവന്ന കണ്ണീര്‍ ആഴി ഏറ്റുവാങ്ങി തന്റെ മെയ്യില്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുന്നതും ഇങ്ങിവിടെ എന്റെ സ്വപ്നങ്ങളുടെ മേല്‍ കറുത്ത നിഴല്‍ പരക്കുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. തിരമാലകളെ തഴുകിയുനര്‍ത്തുന്ന കാറ്റിനു എന്റെ സ്വപനങ്ങള്‍ ജീര്‍ണിച്ച ഗന്ധമായിരുന്നു,എന്നിട്ടും അതെന്റെ നെഞ്ചില്‍ മുനിഞ്ഞു കത്തുന്ന മന്ചിരാത് ഊതിക്കെടുത്തുവാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ആ തിരമാലകള്‍ എന്നെ മൂടുവാന്‍ മത്സരിക്കുന്നതും എന്നോ പെയ്തു തിമിര്‍ത്ത ദു:ഖത്തിന്റെ ശേഷിപ്പായ് കൃഷ്ണതുളസിയുടെ തളിരിലകളില്‍ എന്റെ കണ്ണീര്‍ ഇറ്റുവീഴാന്‍ വെമ്പിനില്‍ക്കുന്നതും ഞാന്‍ അറിയുന്നു. അകലെങ്ങോ,മലകളെ അലിയിച്ചു കടലിലെക്കൊഴുക്കുന്ന വണ്ണാത്തിപ്പുള്ളുകളുടെ ആര്‍ദ്ര സംഗീതം ആ സംഗീതം അത് എന്റേതായിരുന്നു. ഇവിടെ ഓരോ മണല്‍ത്തരിക്കും എന്റെ ഹൃദയമാണ്,ഓരോ മര്‍മ്മരങ്ങളും എന്റെ വാക്കുകള്‍ ആണ്, ഓരോ തെന്നലുംഎന്റെ നിശ്വാസങ്ങളാണ്,ഇവിടെ എന്റെ പ്രണയം കാത്തിരിപ്പിന്റെ സുഖമുള്ള നോവിലലിഞ്ഞുചെരുകയാണ് .
ചക്രവാളം മിഴി പൂട്ടിയതും ഇരുള്‍ വന്നു എന്നെ മൂടിയതും എന്റെ നെഞ്ചിലെ തിരിനാളം നിലക്കാത്ത കാറ്റില്‍ ആടിയുലയുന്നതും ഞാന്‍ കണ്ടു. എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
അണയാന്‍ തുടങ്ങുന്ന മണ്‍ചിരാത് ഞാന്‍ എന്റെ കൈകള്‍ കൊണ്ടു മറച്ചു. ഇല്ല; കഴിയുന്നില്ല, എന്റെ കൈകള്‍ ചോരുന്നു അതിനുള്ളില്‍ തിരിനാളം വണ്ണാത്തിപ്പുള്ളുകളുടെ സംഗീതത്തിനോത്തു ചുവടു വയ്ക്കുന്നു. കാറ്റു വീശിക്കൊന്ടെയിരുന്നു. എന്റെ കൈകള്‍ ശക്തി ക്ഷയിച്ചു വിറക്കുന്നുണ്ടായിരുന്നു
നിസ്സഹായതയുടെ ആ ശപിക്കപ്പെട്ട നിമിഷങ്ങളിലെപ്പോഴോ ഒരു നനുത്ത സ്പര്‍ശം എന്റെ കൈകളെ മൂടുന്നതും ഇരുള്‍ മാറി പ്രകാശം പരക്കുന്നതും ഞാനറിഞ്ഞു. കാഴ്ചകള്‍ കണ്ണീരിലലിഞ്ഞു പടര്ന്നു പോയെന്കിലും ആ കൈകളുടെ ഇളം ചൂട് ,അതെ അത് എന്റെ പ്രണയമാണ്.ആ മുഖം അതെന്റെ സ്വപ്നമായിരുന്നു ആ സ്നേഹം അതെന്റെ പ്രാണനായിരുന്നു. ഒരു ജന്മം മുഴുവന്‍ ഞാന്‍ വാശിയോടെ പ്രണയിച്ച ആ കണ്‍കോണുകളില്‍ മിഴിനീര്‍ മുത്തുകള്‍ ഉരുണ്ടു കൂടിയിരിക്കുന്നതും അതിലെന്റെ മണ്‍ചിരാത് തെളിഞ്ഞു കത്തുന്നതും ഞാന്‍ കണ്ടു .ഇനിയൊരു ജന്മം കൂടി കണ്ടാലും കൊതി തീരാത്ത ആ മുഖത്ത് മുടിയിഴകള്‍ ചിത്രം വരക്കുന്നതും ഞാന്‍ കണ്ടു.അവളുടെ തുടുത്ത ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു അവള്‍ എന്റേത് മാത്രമായിരുന്നു, അവള്‍ എന്റെ പ്രണയമായിരുന്നു.
ആ കണ്ണുകള്‍ഒപ്പുവാന്‍,പാറി വീണ മുടിയിഴകള്‍ മാടിഒതുക്കുവാന്‍,ആ കവിളുകളില്‍ ഒന്നു തലോടുവാന്‍ ആ തുടുത്ത ചുണ്ടുകളില്‍ ചുമ്പനങ്ങള്‍ കൊണ്ടു മൂടാന്‍ ഇല്ല; കഴിയുന്നില്ല. ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി അവള്‍ എന്നെ കണ്ടില്ല, ഞാന്‍ ഉറക്കെയുറക്കെ നിലവിളിച്ചു, അവള്‍ എന്റെ വിളി കേട്ടില്ല. വീണ്ടും വീണ്ടും ഞാനവളെ വാരിപ്പുണര്‍ന്നു. ഇല്ല കഴിയുന്നില്ല. ഒടുവില്‍ കരഞ്ഞു കൊണ്ടു അവള്‍ എന്റെ മാറിലേക്ക് ചാഞ്ഞു. ആ കവിള്‍ത്തടത്തില്‍ എന്റെ കണ്ണീര്‍ ഇറ്റുവീണു.
ഞാന്‍ തിരിച്ചറിയുകയായിരുന്നു, ഞാന്‍ എന്നോ എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ഈ മണ്ണില്‍ അലിഞ്ഞു മണ്ണായ്
മാറിക്കഴിഞ്ഞിരുന്നു എന്ന്.
അവള്‍ കരയുകയാണ് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് എന്റെ പ്രണയമാണ്.അകലെ വണ്ണാത്തിപ്പുള്ളുകള്‍ പാടിക്കൊണ്ടേയിരുന്നു. ഒടുവില്‍ എണ്ണ വറ്റി എന്റെ മന്ചിരാത് അണയുമ്പോഴും,ഞാനും എന്റെ നഷ്ടസ്വപ്നങ്ങളും ജീര്‍ണിച്ച മണ്ണില്‍ വേരൂന്നിയ കൃഷ്ണതുളസി കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.......എന്റെ കണ്ണീര്‍.........
അനുജി,
കുരീപ്പള്ളി...

