If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







മഴ  

Posted by അനുജി, കുരീപ്പള്ളി. in ,

മഴയ്ക്ക്‌ നാടിന്റെ നന്മയാണത്രേ..!!
പ്രണയത്തിന്റെ സംഗീതമാണെന്നും
കാമത്തിന്റെ തീഷ്ണതയാണെന്നും
പറഞ്ഞത് പണ്ടെന്നോ കുറിച്ചിട്ട വാക്കുകള്‍.

ഇന്നും മഴ പെയ്യുന്നുണ്ട് ..
നാടിന്റെ നന്മയില്ലാതെ,
പ്രണയത്തിന്റെ സംഗീതമില്ലാതെ,
കാമത്തിന്റെ തീഷ്ണതയില്ലാതെ..

സിരകളില്‍ നുരയുന്ന ലഹരിയില്‍
മഴയുടെ കുളിര്‍ നഷ്ടമായി,
മണം നഷ്ടമായി, രാത്രിയുടെ മറ പറ്റി
അപശ്രുതിമീട്ടി തോരാതെ പെയ്യുകയാണ്..

ഇപ്പോള്‍ തോന്നുന്നു മഴക്കിലുക്കങ്ങള്‍ക്ക്
മരണത്തിന്റെ കാലൊച്ചയാണെന്ന്
അന്നൊരു മഴയിലാണ് എന്റെ സര്‍വ്വസ്സ്വവും
ഒലിച്ചുപോയത്, ഞാന്‍ അനാഥനായത്,ഏകനായത്..

നിഴലുകള്‍  

Posted by അനുജി, കുരീപ്പള്ളി. in ,

തണലുകളില്ലാത്ത യാത്രയുടെ
ഈ ജീവിത സായാഹ്നത്തില്‍
മേല്‍ക്കൂരയില്ലാത്ത
അരക്ഷിതത്വത്തിന്റെ
ഉമ്മറപ്പടിയ്ക്കരികെ
തഴുകിമിനുത്ത
നഷ്ടബോധത്തിന്റെ
ചുവര്‍ചാരിയിരിയ്ക്കുമ്പോള്‍
നിഴല്‍ പോലും എന്നെ
കുറ്റപ്പെടുത്തുകയാണ്.
അകലെയെങ്കിലും
അകലെയല്ലാത്ത
നിന്‍ രൂപം നെഞ്ചില്‍
നിറച്ച്,തൊടാതെ തൊടുന്ന
വിരല്‍ത്തുമ്പിലെ
സ്നേഹം നുകര്‍ന്ന്
ഓര്‍മ്മകളുടെ
പുകച്ചുരുളുകളില്‍ നിന്ന്
നിനക്കൊപ്പമുണ്ടായിരുന്ന
ഒരോ നിമിഷത്തെയും
ഹൃദയത്തുടിപ്പുകള്‍
എണ്ണിപ്പെറുക്കുമ്പോള്‍;
മുറ്റത്തെ ചുമച്ച് തുപ്പിയ
ചോരച്ച പാടുകള്‍ക്ക്
മീതെ കിടന്ന്
വെറുപ്പോടെ മുഖം തിരിയ്ക്കുന്നു
എന്നാജന്മ സഹചാരി,
കാലങ്ങള്‍ക്കിപ്പുറവും
മുടങ്ങാതെ, മുറതെറ്റാതെ
വിറയാര്‍ന്ന ചുണ്ടാല്‍
ചൊരിയപ്പെടുന്നു
എന്നിലീ നിഴല്‍ശാപങ്ങള്‍‌.
പിന്നെ പതിവുപോലെന്‍
കണ്ണീര്‍ നനവില്‍
കരള്‍ നൊന്ത്
ആശ്വസിപ്പിയ്ക്കുന്നു,
വിധിയെന്നു ചൊല്ലി
നെടുവീര്‍പ്പിടുന്നു.
ഉച്ചവെയില്‍ ചൂടില്‍
ഉരുകി തിളയ്ക്കുന്ന
ചിന്താപാരമ്യതകളില്‍
ഒപ്പം നടന്ന് എപ്പൊഴോ
എന്റെ ഹൃദയത്തില്‍
നീ ചേര്‍ന്ന് നില്‍ക്കുമ്പോള്‍
തെല്ലിട നേരമങ്കിലും ഒന്നായ്,
ഇണ ചേര്‍ന്ന് പിരിഞ്ഞ
നിന്റെ നിഴലിനോട്
എന്റെ നിഴലിന്
പ്രണയമാണത്രേ ഇന്നും..

അന്തിക്രിസ്തു.  

Posted by അനുജി, കുരീപ്പള്ളി. in

വന്നവന്റെയും
വരുവാനിരിയ്ക്കുന്നവന്റെയും
വാഴ്ത്തപ്പെട്ടവന്റെയും
വയറ്റത്തടിച്ച്
വാ തോരാതെ
വചനം പ്രസംഗിച്ച്
വരുവാനിരുന്നവന്റെയും
വന്നവന്റെയും
വരാതിരുന്നവന്റെയും
വരിപ്പണം വാങ്ങി
വയറുനിറച്ച്
വലിയൊരു കൂട്ടം,
വയറെരിയുന്നവനോട്
വചനം പ്രസംഗിച്ച്
വാ തോരാതങ്ങനെ
അങ്ങനെ
അരമനകളില്‍
അള്‍ത്താരകളീല്‍
അറപ്പുരകളില്‍
അകത്തളങ്ങളില്‍
അളന്നും
അളക്കാതെയും
അളക്കാനാകാതെയും
അളവുകോലുകള്‍ക്ക്
അപ്പുറത്തെ
അളവറ്റ സ്വത്തുകള്‍ക്ക്
അടയിരിക്കുമ്പോള്‍
അറിഞ്ഞോ
അറിയാതെയോ
അഹോരാത്രമുരുവിട്ട
അച്ചടിച്ച
അക്ഷരങ്ങളുടെ
അര്‍ത്ഥ വെത്യാസങ്ങളില്‍
അള മുട്ടി
ആയുധമെടുത്ത്
അറംപറ്റിയ വാക്കുപോല്‍
അവന്‍ വരും.

അവനത്രേ
അവിശ്വാസികളുടെയും
അരമനകളുടെയും
അള്‍ത്താരകളുടെയും
അടിവേരറുക്കുന്ന

അവസാന വാക്ക്

അന്തിക്രിസ്തു.

ഭാരതീയന്‍.  

Posted by അനുജി, കുരീപ്പള്ളി. in

വെട്ടിപ്പിളര്‍ന്ന മണ്ണിന്റെ
അശാന്തമായ തെരുവോരങ്ങളില്‍
നിറതോക്കും തെരുപ്പിടിച്ച്
ഉറക്കമില്ലാത്ത കണ്ണുകളില്‍
ചോരയുടെ ചുവപ്പുമായ്
ഒരശ്വത്ഥാമാവിനെപ്പോലെ
നീ നടക്കുന്നുണ്ടാകും നാഥുറാം
ഞാന്‍ കാണുന്നു നിന്നെ..


ഇക്കാലമത്രയും നീ കണ്ടയീ
മണ്ണിന്റെ പരിവേദനങ്ങള്‍
ഒരല്‍പ്പമെങ്കിലും നിന്റെ മനസ്സിനെ
ഉലച്ചുവെങ്കില്‍,കനിവിന്റെ
ഒരുറവയെങ്കിലും പൊട്ടിയെങ്കില്‍
ശിരസ്സില്‍ ഇപ്പൊഴും ആ
മതഭ്രാന്തിന്റെ പുഴുക്കള്‍
നുരയ്ക്കുന്നില്ല എങ്കില്‍
ഇന്നൊരു രാത്രി...
ഇന്നൊരു രാത്രിയെങ്കിലും..
അഹിംസാ വാദിയായ
ഒരു കൃശഗാത്രന്‍
നെഞ്ചോടു ചേര്‍ത്ത
ഇന്ത്യയുടെ ആത്മാവിലേക്ക്
തീയുണ്ടകള്‍ തുളച്ചു കയറ്റിയ
ആ നശിച്ച കൈത്തോക്ക്
എനിയ്ക്ക് തരൂ

നാളെ പുലര്‍ച്ചയില്‍
എന്റെയും നിന്റെയും
നൂറുകോടി ജനങ്ങളുടെയും
ആത്മാവ് കവര്‍ന്നു തിന്ന്
മൂവര്‍ണ്ണക്കൊടിയ്ക്ക് മുന്നില്‍
സല്യൂട്ട് ഏറ്റുവാങ്ങുന്ന
അധികാര വര്‍ഗ്ഗമെന്ന
ചെന്നായ്ക്കൂട്ടത്തില്‍
ഒന്നിന്റെയെങ്കിലും ചങ്ക് തുളച്ച്
വന്ദേമാതരമെന്നാര്‍ത്ത് വിളിച്ച്
എനിയ്ക്കെന്റെ ആത്മാവിനെ
തൃപ്തിപ്പെടുത്താന്‍

എന്ന ഭാരതീയനെ
തൃപ്തിപ്പെടുത്താന്‍..

ഏകാന്തപഥികന്‍.  

Posted by അനുജി, കുരീപ്പള്ളി. in ,

ഓര്‍മ്മകളിലെങ്ങും
നിറഞ്ഞു നില്‍ക്കുകയാണു നീ
പൂഴിമണ്ണിലെ
കിനാവിന്റെ മുത്തുകള്‍
ഒരോന്നാന്നായി
പെറുക്കിയെടുത്ത്
എന്നില്‍ നിന്നും അകലേക്ക്
നടന്നു മറഞ്ഞവള്‍..

എനിയ്ക്കായ് നീ ബാക്കിവച്ചത്
പാദസരങ്ങളുടെ സംഗീതം
നെഞ്ചേറ്റി മയങ്ങുന്ന
നനുത്ത കാല്‍പ്പാടുകള്‍..
ഇനിയൊരിക്കല്‍
കാലത്തിന്റെ തിരമാലകള്‍
ഈ കാല്‍പ്പാടുകളും
എന്നില്‍ നിന്നു മറച്ചേക്കാം.
ഒരു വിളിപ്പാടകലത്തിലെങ്കിലും
പിന്‍‌തുടരാനനുവദിയ്ക്കാതെ..

ഏകാന്തതയുടെ
തീരങ്ങളില്‍ വീണ്ടുമെന്നെ
അലയാന്‍ വിട്ട്
സ്വപ്നങ്ങളുടെ തേരിലേറി
വിണ്ണിലെ നക്ഷത്രങ്ങളുടെ
തിളക്കം ചാര്‍ത്തിയ
വെണ്ണക്കല്‍ക്കൊട്ടാരത്തില്‍
എന്റെ ഹൃദയത്തേക്കാള്‍
നനുനനുത്ത കമ്പളങ്ങളില്‍
രാപ്പാര്‍ക്കുമ്പോള്‍

എന്നെങ്കിലുമൊരിക്കല്‍,
ജീവിതത്തിരക്കുകളുടെ
ഇടവേളകളിലൊന്നില്‍
എനിയ്ക്കറിയാവുന്ന നിന്നിലെ
ചിന്തകള്‍ കെട്ടുപിണയുന്ന
മനസ്സിന്റെ ഇടനാഴികളില്‍
കനത്ത മൌനത്തിന്റെ
പ്രതിധ്വനികളില്‍ കുരുങ്ങി
ഒരു രാപ്പാടിയുടെ
പാടിത്തളര്‍ന്ന തേങ്ങല്‍
നീ കേള്‍ക്കുന്നുവെങ്കില്‍..

ഓര്‍ക്കുക..
ഒരു നിമിഷമെങ്കിലും.
നിനക്കായി മാത്രം ജീവിച്ച,
നിന്നെ മാത്രം സ്നേഹിച്ച,
നിന്നില്‍ തന്നെ മരിച്ച
ഒരു ഏകാന്ത പഥികനെ.

കഴുകന്മാര്‍.  

Posted by അനുജി, കുരീപ്പള്ളി. in

അടിച്ചു തീര്‍ന്ന
ഓള്‍ഡ് മംഗിന്റെ കുപ്പിയില്‍
അഗ്നിപ്പൂക്കള്‍ വിരിയിച്ച്
ദ്രവിച്ചു തുടങ്ങിയ കരളിനെ
മനസ്സില്‍ ധ്യാനിച്ച്
മുടിഞ്ഞവനേന്ന് നീട്ടി വിളിച്ച്
മുറിയുടെ ഏതെങ്കിലും ഒരു മൂലയില്‍
അടക്കം ചെയ്ത്..

ഒരു തരി പോലും ബാക്കി
ഇല്ലാത്ത ഹാന്‍സ് പായ്ക്കറ്റ്
മൂന്ന് പ്രാവശ്യം ആഞ്ഞ് കുടഞ്ഞ്
മുപ്പത്തി മുക്കോടി വെട്ടം
തെറിയും വിളിച്ച്
മേല്‍ച്ചുണ്ടിലെ നീറ്റലില്‍
നാവുഴിഞ്ഞ് മേശച്ചുവട്ടിലെ
പ്ലാസ്റ്റിക് ബാഗിലേക്ക്
പണ്ടാരടക്കി.

കോള്‍ പോയിട്ട് മിസ്ഡ് കോള്‍
പോലും അടിയ്ക്കാന്‍ കാശില്ലാത്ത
ഒണക്ക മൊബൈലിലും
കാലിയായ കീശയിലും
മാറിമാറി നോക്കി
മൂന്നാലഞ്ച് നെടുവീര്‍പ്പുമിട്ട്
നിലത്ത് വിരിച്ച മെത്തയിലെ
വിഴുപ്പ് കൂമ്പാരത്തിലേക്ക്
കലിയോടെ വലിച്ചെറിഞ്ഞു.

ഡെപ്പോസിറ്റുകള്‍ക്ക് മുകളില്‍
ഡെപ്പോസിറ്റുകള്‍ ആരുടെയൊക്കെയോ
പേരില്‍ കുമിഞ്ഞ് കൂടിയപ്പോള്‍
അടിയിലെവിടെയോ പെട്ട്
ശ്വാസം മുട്ടിപ്പിടയുന്ന
അക്കൌണ്ടിലെ അഞ്ഞൂറു രൂപാ
മിനിമം ബാലന്‍സും സ്വപ്നം കണ്ട്
ഏ ടി എം കാര്‍ഡും കൊണ്ട്
ഫുഡഡിയ്ക്കാന്‍ ഇറങ്ങുമ്പോ
ഏത് സാമദ്രോഹിയുടെ കണ്ണ്
തട്ടിയാണെന്നറിയില്ല പിന്‍ ബ്ലോക്കായത്.

എ ടി എം സെന്ററിലെ
എ സി യുടെ തണുപ്പില്‍ നിന്നും
ഇറങ്ങി അന്തരീക്ഷത്തിലേക്ക്
കൈകള്‍ വീശിയെറിഞ്ഞ്
ലത് പോയ ലണ്ണാനെ പോലെ
മൂളിപ്പാട്ടിന്റെ രാഗത്തില്‍
പുലയാട്ടും നടത്തി
തെരുവോരം ചേര്‍ന്ന് നടക്കുമ്പോള്‍
ഒപ്പം നടക്കുന്നവര്‍ക്കൊക്കെ
കഴുകന്റെ മുഖം,
കൂര്‍ത്ത ചൂണ്ടുകള്‍, നീണ്ട നഖം
കൊത്തിയെടുത്ത് പറക്കാനെന്നപോല...

“ഓര്‍മ്മകളുടെ ശ്മശാനം.”  

Posted by അനുജി, കുരീപ്പള്ളി. in

പൂക്കാത്ത മുല്ല..

കായ്ക്കാത്ത തേന്മാവ്..

കിനാവിന്റെ തീരത്ത്

ഒറ്റക്കയറില്‍ തൂങ്ങിയാടുന്ന

ഒരു ഊഞ്ഞാല്‍,

കഴുത്തിനു പാകം..

ചക്രവാളം തിരഞ്ഞ്

വിജനമായ

ഒരു നടപ്പാത,

ഇരുപുറവും പച്ചപ്പ്

വാര്‍ന്ന് പോയ

ചില സ്വപ്നങ്ങള്‍.

കെട്ടിപ്പിണയാന്‍

കൊതിച്ച്

യാത്രകളുടെ മുഷിപ്പ്

പേറി തളര്‍ന്ന്

സമാന്തരമായി

ഒരു ഒറ്റവരിപ്പാളം‍.

കാറ്റു തന്നത്

ഒരു പാഴ്ഞരമ്പില.

ദൂരങ്ങള്‍ താണ്ടാന്‍

തുഴയില്ലാത്ത തോണി.

നുണക്കുഴികള്‍ കാട്ടി

പുഴയുടെ ചിരി..

ഒറ്റക്കാലിലെ

കൊലുസിന്റെ

കിലുക്കം കാതോര്‍ത്ത്

പൂഴിമണ്ണില്‍ കോറിയിട്ട

വാക്കായി, ഒരു

പ്രണയാസ്ഥിപഞ്ജരം.

അകലെ

നിഴല്‍പ്പാടുകള്‍ക്കപ്പുറം

ഇരുട്ടിന്നുമപ്പുറം

ശ്മശാനം കത്തുകയാണ്.

മരണമില്ലാത്ത

ഓര്‍മ്മകള്‍ക്ക് മുന്നില്‍.


വിലങ്ങ്.  

Posted by അനുജി, കുരീപ്പള്ളി. in

ഗാന്ധിയുടെ ചര്‍ക്കയില്‍

നോട്ടുകെട്ടുകള്‍ ഇഴപിണഞ്ഞു.

കാവിയിലെ ജരാനരകള്‍

പകയുടെ പല്ലിളിച്ചു.

നിറം മങ്ങിയ ചെങ്കൊടി

ലക്ഷ്യമില്ലാതെ പറന്നു.

തുലനം തെറ്റിയ

നീതിപീഠത്തുലാസില്‍

നിഷ്പക്ഷതയുടെ കരിന്തുണി

അഴിഞ്ഞു വീണു.

കൈവിട്ട് പോയവര്‍

ഓരോന്നായ്

സ്വപ്നങ്ങളില്‍ വന്നു

പരിഹസിച്ചാര്‍ക്കുന്നു.

അഴിമതിയുടെ

കറപുരണ്ട കൈകള്‍ക്ക്

പ്രായവും പദവിയും

കൂടിയതെന്ന്.

നൊന്തുപെറ്റവളുടെ

കൂട്ടിക്കൊടുപ്പുകാരിയ്ക്ക്

ഉന്നതന്മാരുടെ

ഉന്നതങ്ങളില്‍ പിടി.

മനുഷ്യരൂപം പൂണ്ട

ചെകുത്താന്

കയ്യാമം വെയ്ക്കാന്‍

കയ്യില്ല പോലും

പത്രത്താളുകളില്‍

പേപിടിച്ച തൂലികകള്‍,

സദാചാരക്കോമരങ്ങള്‍

ഉറഞ്ഞു തുള്ളുന്നു.

ഉലയില്‍ ഉരുകിയുറച്ച

സ്വത്വബോധം

നിരാശയുടെ

പടുകുഴിയിലേക്ക്.

ജാതി,

മതം,

രാഷ്ട്രീയം,

മനുഷ്യാവകാശം,

മാധ്യമസംസ്കാരം,

മഹിളാസമാജം..

മാങ്ങാത്തൊലി....

ഓര്‍ഡര്‍...

ഓര്‍ഡര്‍....

ഓര്‍ഡര്‍......

ഇനി വിധിപ്രസ്ഥാവം..

ധര്‍മ്മബോധത്തിന്റെ

ഊറ്റത്തിന്

പേരറിയാത്തൊരു

സ്റ്റേഷന്റെ ഭിത്തിയില്‍

നിയമമുറങ്ങുന്നതും

കണ്ടുകണ്ട് അങ്ങനെ..

മരണം വരെ തൂക്കുദണ്ഡന..

മരണം വരെ തൂക്കുദണ്ഡന...

മരണം വരെ തൂക്കു ദണ്ഡന.....

.........................

ങ്ഹാ... അല്ല പിന്നെ..

കഴുവേറി....

ആല്‍ത്തറയിലെ ഭ്രാന്തന്‍.  

Posted by അനുജി, കുരീപ്പള്ളി. in

“എന്റെ ഓര്‍മ്മകള്‍ക്ക് എന്നും

നിലാവിന്റെ തിളക്കവും

മഴയുടെ സംഗീതവും

നിശാഗന്ധിപ്പൂക്കളുടെ

ഉന്മത്തസുഗന്ധവുമുണ്ടായിരുന്നു.

ഏത് പടവിലാണ് കാലിടറിയത് ?

ഏതിരുട്ടാണ് വഴി മറച്ചത് ?

ഒരു ലക്ഷ്യം, പിടിതരാതെ

അകലേയ്ക്ക് ഓടി മറയുന്നു.

നിലാവിന്റെ തിളക്കവും

മഴയുടെ സംഗീതവും

നിശാഗന്ധിപ്പൂക്കളുടെ സുഗന്ധവും

എന്നെ ചൂഴ്ന്ന് നില്‍ക്കുന്നു.

ഞാന്‍ ജീവിയ്ക്കുകയാണ്

എന്റെ ഓര്‍മ്മകളില്‍,

ആല്‍ത്തറയിലെ ഭ്രാന്തനെ പോലെ.

ആ ഗൂഢസ്മിതം എനിയ്ക്കന്യമല്ല.

ആ മനസ്സിന്റെ വിഭ്രാന്തിയും

എനിയ്ക്കു പകര്‍ന്നു തരുക.

ഇതെന്റെ ജീവിതമാണ്.

ഓര്‍മ്മകളിലെ എന്റെ ജീവിതം.

എത്ര ശ്രമിച്ചിട്ടും

പകര്‍ത്താന്‍ കഴിയാത്ത

ചിത്രം പോലെ,

പകര്‍ത്തുംതോറും സ്വയം

മാഞ്ഞു പോകുന്ന

വര്‍ണ്ണങ്ങള്‍ പോലെ

ചില സ്വപ്നങ്ങള്‍.

എന്റെ നിശാഗന്ധി

പിന്നെയും പൂവിട്ടു,

അങ്ങകലെ

ആല്‍ത്തറയിലെ ഭ്രാന്തന്‍

ഉറക്കയുറക്കെ ചിരിയ്ക്കുന്നു.”

മന്ദന്റെ പ്രണയോപഹാരം.  

Posted by അനുജി, കുരീപ്പള്ളി. in



രംഗം1:
സിറ്റ് ഔട്ടിലേക്ക് നടന്നടുക്കുന്ന മന്ദന്‍
ക്ഷീണിതനെങ്കിലും പ്രണയാതുരമായ മുഖഭാവം..

പടിയില്‍ കാത്തിരിക്കുന്ന നമ്രമുഖിയായ പ്രണയിനി,
മുഖം കാതരം,വ്രീളാവിവശം... ;-)


മന്ദന്‍ :

തേടിയലഞ്ഞ വഴികളിലെ
ഉഷ്ണക്കാറ്റില്‍
ഞാന്‍ വിയര്‍ത്തൊഴുക്കിയ
പ്രണയത്തേക്കാള്‍ സുഗന്ധമോ
ഈ പ്രണയ പുഷ്പത്തിനു?


പ്രണയിനി : മൌനം,കാതരം,വ്രീളാവിവശം...
മന്ദന്‍ :
കരിങ്കല്‍ ചീളുകള്‍ ‍,
കൂര്‍മുള്ളുകള്‍
കീറിമുറിച്ച കാല്‍പ്പാദങ്ങളില്‍
ഇനിയുമുണങ്ങാത്ത ചോരയേക്കാള്‍
ചുവപ്പോ നീ കാണാന്‍ കൊതിച്ച
പ്രണയപുഷ്പ്പത്തിനു?


പ്രണയിനി: [വീണ്ടും മൌനം,കാതരം,വ്രീളാവിവശം... തല മാത്രം ഒന്ന് ആട്ടി... യെസ് ആണോ നോ ആണോ?? ആ.... തമ്പുരാനറിയാം.... :-o ]

മന്ദന്‍ :
[നെഞ്ചു വിരിച്ച്,തലയുയര്‍ത്തി..ഒരല്‍പ്പം ജാഡയൊക്കെയിട്ട്...]

ഇതാ..
കാടുകടഞ്ഞ്,
കരളില്‍ ചേര്‍ത്ത്,
ഇതളുടയാതെ,
ചോരയും വിയര്‍പ്പും പെടാതെ
നിനക്കായ് ഞാന്‍ കൊണ്ടുവന്ന,
നീ ആവശ്യപ്പെട്ട
സ്നേഹോപഹാരം...
ആ പ്രണയപുഷപം..


പ്രണയിനി : [നോ രക്ഷ... പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല... :-( ] പൂവും വാങ്ങിക്കൊണ്ട് തെക്കോട്ട് ഓടി പോകുന്നു...


മന്ദന്‍
:[കാറ്റു പോയ ബലൂണ്‍ പോലെ...:-o :-( :-(]

രംഗം2 :

എം സി റമ്മും അടിച്ച് പാമ്പായി തൂണും ചാരിയിരിക്കുന്ന മന്ദന്‍

മന്ദന്‍ :
[ആത്മഗതം വിത്ത് മൂന്നാലഞ്ച് ദീര്‍ഘ നിശ്വാസം....]

പിഴച്ചുപെറ്റ പാണ്ഡുകുലത്തില്‍
നിഷാദനെങ്കിലും
തകര്‍ന്നയെന്‍ ഹൃദയത്തേക്കാള്‍
നിര്‍മ്മലമോ..പ്രീയേ ദ്രുപദപുത്രീ...
നീ പാര്‍ത്ഥനു നല്‍കിയ
പ്രണയോപഹാരം...

കാടുകടഞ്ഞ്,
കരളില്‍ ചേര്‍ത്ത്,
ഇതളുടയാതെ,
ചോരയും വിയര്‍പ്പും പെടാതെ
നിനക്കായ് ഞാന്‍ കൊണ്ടുവന്ന,
നീ ആവശ്യപ്പെട്ട
സ്നേഹോപഹാരം...
പ്രണയപുഷപം..

[ഒരു രണ്ട് ദീര്‍ഘ നിശ്വാസം കൂടി.... അതു കഴിഞ്ഞ് ലൈറ്റ്സ് ഓഫ്...
പാവം മന്ദനും...]

ജന്മി  

Posted by അനുജി, കുരീപ്പള്ളി. in

തുരുമ്പു തിന്ന കൈക്കോട്ടുകള്‍ക്കു മീതെ
തീപ്പൊരി ചിതറിച്ച് ആലയില്‍
എന്റെ മഴുവൊരുങ്ങുന്നത്
നിനക്കു വേണ്ടിയാണ്..

നീ, അഭിനവ ജന്മി..
എന്റെ പാടങ്ങള്‍ക്കു മീതെ
പൂജ്യവും ഒന്നും വിതച്ച്,
വിളവെടുത്ത് നിലവറ നിറയ്ക്കുന്നവന്‍ .

നിന്റെ കങ്കാണികള്‍ വിലയ്ക്കെടുത്തത്
എന്റെ ജീവിതമാണ്..
നിന്റെ പ്രതാപത്തിന്റെ
അസ്ഥിവാരത്തിനുള്ളില്‍
ഞെരിഞ്ഞമരുന്നത്
ഞാന്‍ പിറന്ന മണ്ണും.

മുഖം മാത്രം മാറിയ
അടിമത്വത്തിന്റെ
ഐ ടി യുഗത്തില്‍
എനിയ്ക്കു നീ ജയിച്ചവനാണ് ;
ഞാനോ.. നിന്റെ ജയങ്ങളില്‍
മുഖം നഷ്ടമായവനും.

മഴുവൊരുങ്ങിക്കഴിഞ്ഞു..

ശീതക്കാറ്റിലും ഉരുകിത്തളര്‍ന്ന്
ചില്ലുകൂട്ടില്‍ നിനക്കെന്റെ
സ്വപ്നങ്ങള്‍ക്കു മീതെ അന്തിയുറങ്ങാന്‍
ഞാനെന്റെ തെരുവിലെ
ഈ അവസാനത്തെ മരവും
മുറിച്ച് മാറ്റാം..

എന്നെങ്കിലുമൊരിയ്ക്കല്‍
നിന്റെ സ്വീകരണമുറിയിലെ
ബോധിവൃക്ഷത്തണലില്‍
ഒരു ബുദ്ധന്‍ പിറക്കുമെങ്കില്‍ ...

ഒരു ബുദ്ധനെങ്കിലും പിറക്കുമെങ്കില്‍

മേല്‍ക്കോയ്മ.  

Posted by അനുജി, കുരീപ്പള്ളി. in

പെണ്ണേ..
നീയോ ഒറ്റച്ചിലമ്പുമായ്

മധുരയെരിച്ചത് ?
നീയോ അശ്വാരൂഢയായ്
പടപൊരുതിയത്?

നിന്നെത്തന്നെയോ
ചെമ്പട്ട് പുതപ്പിച്ച് ദേവിയാക്കിയത്?
മൂവര്‍ണ്ണക്കൊടിയേന്തിയ
ഭാരതാംബയും നീ തന്നെയല്ലേ..?

എന്നിട്ടും..

എന്റെ കറുത്ത ജീവിതത്തിന്റെ
ഇടനാഴികളില്‍
വേശ്യാത്തെരുവുകളില്‍
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍
ഒടുവിലീ കിടപ്പുമുറിയിലും..

മുറിഞ്ഞ ചുണ്ടും
മാറിലെ നഖക്ഷതങ്ങളുമായ്,
മദ്യലഹരിയ്ക്കിടയിലെ
രതിമൂര്‍ച്ചയില്‍ ഞാനെന്റെ
പുരുഷത്വം തുടച്ചെറിഞ്ഞ
പാഴ്ത്തുണിപോലെ
തേങ്ങിയും കണ്ണീര്‍ വാര്‍ത്തും
കിടക്കുന്ന നീന്നെ കാണുമ്പോള്‍

പെണ്ണേ..
വെറും പെണ്ണേ...
എനിയ്ക്കു ചിരിയാണു വരുന്നത്..