If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







യാത്ര  

Posted by അനുജി, കുരീപ്പള്ളി. in


ജനനം മുതല്‍ മരണം വരെ
ഒരു യാത്രയാണ് ജീവിതം,
ടയര്‍ പഞ്ചറായതുകൊണ്ട്
യാത്ര പാതിവഴിയിലും
ജീവിതം കട്ടപ്പുറത്തുമാണ്..

വാക്ക്..  

Posted by അനുജി, കുരീപ്പള്ളി. in

ആത്മശകലമെരിയുന്നു
പ്രാണനുരുകും പ്രണയജ്വാലയില്‍,
എരിഞ്ഞൊടുങ്ങുമ്പോളൊ-
ടുവിലൊരുപിടി വെണ്ണീറില്‍ പൊതിഞ്ഞ്
ചുട്ടുപഴുത്തൊരു വാക്കായ്
നീയുണ്ടാവും...
ഞാന്‍ നെഞ്ചൊട്
ചേര്‍ത്ത
നിനക്ക് ഏറെ പരിചിതമായ
വാക്ക്...

വഴിപിഴച്ചവന്റെ അന്ത്യവിധി.  

Posted by അനുജി, കുരീപ്പള്ളി. in



























അന്ന്

വീഴാനാഞ്ഞപ്പോള്‍
കയ്യെത്തിപ്പിടിച്ചത്,
വേരറ്റു ചടച്ചോരു
മുളം ചില്ലയില്‍.

പിന്നെ

ചിതലരിച്ച കഴുക്കോലില്‍
ജീവിതം കൊരുത്തപ്പോള്‍
നുറുങ്ങി വീണത്,
മരണമെന്ന ആശ്രയം

പകല്‍

വെട്ടിത്തിരുത്തിയ
അക്കപ്പെരുക്കങ്ങളില്‍
അലറിക്കരഞ്ഞത്,
വിശപ്പെന്ന സത്യം.

രാത്രി

കഴുത്തിലമര്‍ന്ന
മൂര്‍ച്ചയുള്ള തണുപ്പില്‍
ശ്വാസം വിക്കിയത്,
നിസ്സഹായന്റെ ഭീരുത്വം.

കിടപ്പറയില്‍

താലിച്ചരടില്‍ കുരുങ്ങിയവളുടെ
കണ്ണീര്‍ നെഞ്ചു നനച്ചപ്പോള്‍
വഴുതി വീണത്, അശാന്തിയുടെ
കാണാക്കയങ്ങളില്‍.

തെരുവില്‍

പച്ച നോട്ടുകളുമായ്
അടുത്തവന്റെ നെഞ്ചില്‍
കത്തിപായിച്ചത്,
അളമുട്ടിയന്റെ ശൂരത്വം

ഒടുവില്‍

ഇരുട്ടില്‍ നിന്നും
മിന്നായം‌പോലെ
മൂളിയെത്തിയ തിളക്കത്തില്‍,
വഴിപിഴച്ചവന്റെ അന്ത്യവിധി.

ചൂഷണം.  

Posted by അനുജി, കുരീപ്പള്ളി. in




1.
അടക്കോഴിയുടെ അടിവയറ്റില്‍
മാതൃത്വം ചുട്ടുപൊള്ളുമ്പോള്‍,
കുടുസ്സുമുറിയിലെ മഞ്ഞവെട്ടത്തില്‍
നാളെയുടെ പ്രതീക്ഷകള്‍
നിരന്നിരുന്നു വിറുങ്ങലിയ്ക്കുന്നു.
2.
മുലപ്പാല്‍ ചുരത്തിയ മാറില്‍നിന്നും
അവസാന തുള്ളി ചോരയുമൂറ്റി
ഐ.എസ്.ഐ മുദ്രചാര്‍ത്തി
വില്പനയ്ക്ക് വെക്കുന്നു കോളക്കമ്പനികള്‍.
3.
അത്താഴത്തിനു മുന്‍പ് ഉറങ്ങീപ്പോയ
മകന്റെ വിഹിതത്തില്‍ വെള്ളമൊഴിച്ച്
കണവനു കാലത്തെ പ്രാതലൊരുക്കുന്നു
അടുക്കളക്കോലായിലൊരമ്മ.
4.
അഭിനവകാമുകനൊളിച്ചു വെച്ച
പിക്സല്‍ കൂടിയ ക്യാമറയ്ക്ക് മുന്നില്‍
പതിനേഴുകാരിയുടെ മാറിലൂടെ
ഇഴഞ്ഞു നടക്കുന്നു പ്രണയം.


നിറംകെട്ട ചൂഷിത -ചൂഷകര്‍
കപ്പലണ്ടിപ്പൊതികളായപ്പോള്‍,
പുതിയ ചൂഷണങ്ങള്‍ തേടി
പേനയില്‍ മഷിനിറച്ച്
പത്രം നിവര്‍ത്തുന്നു ഞാനും.


കവിപുംഗവന്‍.  

Posted by അനുജി, കുരീപ്പള്ളി. in

അറിയില്ലെനിക്കിന്നു
കണ്ടതേതു സ്വപ്നമെന്ന്.
അതോ തിരശ്ശീലയില്ലാ
തിരക്കഥതന്‍ പച്ചയാം
ആവിഷ്കാരമോ ?

മുദ്രാവാക്യങ്ങളെപ്പൊഴോ
ചിലമ്പിയ കലമ്പലായ്,
കദനമായ്.
ചിതറിയോടുന്നവരിവര്‍
ദളിത വര്‍ഗ്ഗം.

ഓടിയടുക്കുന്നു
മുളവടി,കുറുവടി,
കൊടികളുമേന്തി
മറ്റൊരു കൂട്ടരവര്‍
സവര്‍ണ്ണരത്രേ..

ഏഴഴകിന്നു
മൂക്കുത്തി ചാര്‍ത്തിയ
തരുണയവളരണ്ട
മാന്‍പേടപോല്‍
കുതറിയോടുന്നു.

വ്യാഘ്രങ്ങളെപ്പോല്‍
ദുരമൂത്ത് വെറിപൂണ്ട്
അലറി
പായുന്നു പിന്നാല്‍
ജാതിക്കോമരങ്ങള്‍.

പഴകിയതെങ്കിലുമേറെ
പ്രീയമായിരുന്നവള്‍ക്കാ
ചെറുപൂക്കള്‍ തുന്നിയോ-
രുടുപുടവകള്‍,
വേറെയൊന്നില്ലതാനും.

പറിച്ചെറിഞ്ഞൂ
നരാധമന്മാര്‍
ദളിതയിവള്‍ മുഷ്ടി ചുരുട്ടിയത്രേ..
മുദ്രാവാക്യമുയര്‍ത്തിയത്രേ..
തേവിടിശ്ശി...

ഒറ്റക്കണ്ണന്മാര്‍
ചിമ്മിത്തുറക്കുന്നു കണ്ണുകള്‍,
ഒപ്പിയെടുക്കുന്നു
അസുലഭ മുഹൂര്‍ത്തത്തിന്‍
ഇക്കിളി സ്മരണകള്‍.

യവ്വനതരളമാം
നിറമാറുമറയ്ക്കുവാന്‍
വെളുത്ത ധാര്‍ഷ്ട്യം വലിച്ചഴിച്ച
അടിവസ്ത്രത്തിന്നു
പകരം വയ്ക്കുവാന്‍,
നിറഞ്ഞൊഴുകുന്ന
കണ്ണീരൊപ്പുവാന്‍
കൈകള്‍ തികയാതെ
നിന്നവളിവള്‍ സ്ത്രീ,
അബല.

മനം പിടഞ്ഞ്
മാതാപിതാക്കള്‍.
വേദന,അപമാനം.
നിസ്സഹായതയില്‍
മണ്ണോട് ചേരുന്നു സ്ത്രീത്വം.

മുരളുന്നു മുളവടികള്‍ പിന്നെയും.
കുറുവടികള്‍ ഉയര്‍ന്നു താഴുന്നു.
പിടഞ്ഞോടിത്തെരുവിന്‍
മാറില്‍പ്പതുങ്ങി
നാണം മറയ്ക്കുവാന്‍
ഒരു തുണ്ട് പഴന്തുണിയ്ക്കെങ്കിലും
കേഴുന്നു കന്യക,

ഞാന്‍
കവിപുംഗവന്‍
ത്ഫൂ...
തൂലിക പടവാളാക്കുവാന്‍
കീശ തടവുന്നു.

“പൂക്കാലം.”  

Posted by അനുജി, കുരീപ്പള്ളി. in ,

ഉള്ളിലെവിടെയോ കണ്ണുനീര്‍ തുള്ളികള്‍ മുളപൊട്ടി വളര്‍ന്ന് തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നു. ഇത് പൂക്കാലമാണ്, വേദനകളുടെ പൂക്കാലം. മതിമറന്നൊന്ന് ആസ്വദിക്കട്ടെ ഞാന്‍....

“പുനര്‍ജന്മം.”  

Posted by അനുജി, കുരീപ്പള്ളി. in ,

“പറയാതെ പോയ വാക്കുകളും കുറിക്കാതെ പോയ കവിതകളും എന്നെങ്കിലും ഒരിക്കല്‍ നിന്നെ തേടിയെത്തും അന്നെന്റെ പ്രണയം നീ തിരിച്ചറിയും, എന്റെ ജീവന്റെ തുടിപ്പുകള്‍ നീ ഏറ്റുവാങ്ങും..അന്ന് നിന്നിലൂടെ ഞാന്‍ പുനര്‍ജനിക്കും.....”

“റം.”  

Posted by അനുജി, കുരീപ്പള്ളി. in
































“റം എന്ന് പറഞ്ഞാല്‍
വിശ്വ സുന്ദരിയാണവള്‍.

പുരുഷനെ മയക്കുന്ന,
വശ്യ സുന്ദരിയാണവള്‍.


ബോധാബോധങ്ങളെ
കീഴ്മേല്‍ മറിക്കുന്ന,

മായാമോഹിനിയാണവള്‍.

ഇക്കിളിയുണര്‍ത്തും
കാമിനിയാണ
വള്‍.

അകംപുറം കഴുകുന്ന
കുടുംബിനിയാണവള്‍.
.......................................







അങ്ങനെ മൊത്തത്തില്‍
ഒരൊന്നൊന്നര സംഭവം ആണവള്‍.

ഹൊ.. എന്റെ റമ്മേ.... ”

.........................................






നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനീകരം.



പ്രാര്‍ത്ഥന.  

Posted by അനുജി, കുരീപ്പള്ളി. in





















മുട്ടക്കോഴിയെ പിടിച്ച്
കറിവെച്ച് തിന്നവള്‍
ഒരേമ്പക്കവും വിട്ട്
മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു,
"ഇനി നാളെ മുതല്‍
എന്‍റെ പൂവന്‍കോഴി
മുട്ടയിടണേ ദൈവമേ..."

പുരുഷാരം  

Posted by അനുജി, കുരീപ്പള്ളി. in

നവയുഗ പാപങ്ങ-
ളേറ്റാന്‍ വന്നവന്‍
മരക്കുരിശേന്തി,
പുരുഷാരമില്ലാതെ
വിലാപങ്ങളില്ലാതെ
ഏകനായ്,
വ്രണിതനായ്
സീരിയല്‍ വിശുദ്ധരില്ലാത്ത
ഗാഗുല്‍ത്താ തേടി
പാദങ്ങളുന്തി തളര്‍ന്നേതോ
സെമിത്തേരിയില്‍
സ്വയം കുരിശേറി
“എലോഹീ എലോഹീ
ലമ്മാ ശബ്ബക്താനി”-യെന്നു
കേണും പുലമ്പിയും
പ്രാണന്‍ വിടുമ്പൊഴും
പുരുഷാരം
വിഢ്ഡിപ്പെട്ടിയ്ക്ക്
മുന്നിലിരുന്ന്
കുരിശു വരയ്ക്കുകയായിരുന്നു.

നഷ്ടം.  

Posted by അനുജി, കുരീപ്പള്ളി. in





















നിന്‍റെ മൗനത്തില്‍
ഉരുകി നിറയുന്നത്
എന്‍റെ മനമാണ്.
നിന്‍റെ നിശബ്ദതയില്‍
അലിഞ്ഞില്ലാതവുന്നത്
എന്‍റെ നിശ്വാസങ്ങളാണ്.

ഹൃദയവിചാരങ്ങളുടെ
മഴമേഘമേ നീ
കാറ്റിലൊഴുകിയകലുമ്പോള്‍
ഊഷരഭൂവില്‍
വിണ്ടുകീറുന്നത് എന്‍റെ
ഹൃദയ ഭൂമികയാണ്.

എന്‍റെ ആത്മാവിന്റെ
നിസ്വനങ്ങള്‍ നീ
അറിയാതിരിക്കുമ്പോള്‍
എനിക്ക് നഷ്ടമാകുന്നത്
എന്നെ തന്നെയാണ്.

സ്മാരകം  

Posted by അനുജി, കുരീപ്പള്ളി. in




















ഇതെന്റെ സ്മാരകമാണ്.
നഗര വേഗത്തിനൊപ്പം
ഓടിക്കിതച്ചവന്റെ,
ഇടറി വീണവന്റെ
നിറം കെട്ട സ്മാരകം.

ഒഴുകുന്ന നഗരവീഥിയില്‍
ഓരം ചേര്‍ന്ന്
നിര്‍ന്നിമേഷനായ്
തല ചൊറിഞ്ഞും
നാവുനീട്ടിയണച്ചും
ലക്ഷ്യമില്ലാതെ,
എന്തെന്നറിയാതെ
മോങ്ങിയും
ഓളിയിട്ടും
മൂടുരച്ചും
കാലം കഴിച്ചവന്‍.

സ്വപ്നങ്ങള്‍ക്ക് നേരെ
കുരച്ചു ചാടി
തളര്‍ന്ന്
പത നുരച്ച്
വെറി നായെന്നു ചൊല്ലി
കല്ലേറു കൊണ്ട്
മുടന്തി നീങ്ങിയവന്‍.
വേച്ചും തളര്‍ന്നും
പാതയോരത്ത്
ഒരു തൂമ്പാക്കുഴിയില്‍
മണ്‍ മറഞ്ഞവന്‍.

എന്റെ ജീര്‍ണ്ണതയ്ക്ക്
തടയിടാന്‍ ആരോ-
തൂക്കി വെച്ച ഈ കല്ല്,
ഇതെന്റെ സ്മാരകമാണ്
ഒരു തെരുവു പട്ടിയുടെ
സ്മാരകം.

വിലക്ക്..  

Posted by അനുജി, കുരീപ്പള്ളി.

ഒന്നും പറയാന്‍ പറ്റാത്തപ്പോ മിണ്ടാതിരിക്കണം..അതല്ലേ വേണ്ടത്..!!

ഇനി ഞാന്‍ മരിക്കട്ടെ...  

Posted by അനുജി, കുരീപ്പള്ളി. in ,

ഇനി നിനക്കേകുവാന്‍
കരളെരിഞ്ഞുരുകുന്ന
കണ്ണീരു മാത്രമിനി -
നിന്നെത്തഴുവാന്‍
ഉള്ളുരുകിയുയരുന്ന
നിശ്വാസവും..

നിനക്കായി നല്‍കുവാന്‍
കനവില്‍ നിന്നുതിരുന്ന
കനിവെഴും കവിതയും
കാലം മറക്കത്തൊ-
രോര്‍മ്മതന്‍ ചിത്രവും,
പിന്നെ നൃത്തമാടുമീ
അഗ്നിവര്‍ണ്ണങ്ങളും
ഉരുകി വീഴുന്നൊരു
ചെമ്പട്ടിന്‍ ഗന്ധവും,
എന്നോര്‍മ്മകളന്നു
നിന്നിടനെഞ്ചു കുത്തു-
മ്പോള്‍ നെഞ്ചോട്‌
ചേര്‍ത്തൊന്നു
തര്‍പ്പണം ചെയ്യുവാന്‍
കനലെരിഞ്ഞുയിരാര്‍ന്നൊ
രെന്നൊരു പിടി ചാരവും.

തിരികെ നടക്കുന്നു ഞാന്‍
നിന്നെ നിന്‍ സ്വപ്നസൗധ-
ങ്ങള്‍ക്കധിപയായ്‌ വിട്ടിട്ടു
ഏകനായ്‌, വ്രണിതനായ്
നിന്നില്‍ നിന്നകലേയ്ക്ക്‌..

ഉള്ളിലുയിര്‍പിടക്കുമ്പോഴും
നിനക്കായ് കേഴുന്നോരെന്‍
ഇന്ദ്രിയങ്ങള്‍ക്കൊക്കെയും
നീ തന്ന മറുപടി,ഒരു മൂളല്‍,
എനിക്കായ്‌ തന്നൊരാ
ഹൃദയത്തുടിപ്പുകള്‍

മതി..
അത്രമാത്രം..
ഇനി ഞാന്‍ മരിക്കട്ടെ...

ഇനി ഞാന്‍ മരിക്കട്ടെ
നിന്‍ സ്മൃതികളില്‍ മുങ്ങി
മൃതിയില്‍ ലയിക്കട്ടെ-
യെന്‍ പ്രണയമമര-
മേന്നോര്‍ക്കുവാനെങ്കിലും

പ്രണയം അമരം
എന്നോര്‍ക്കുവാനെങ്കിലും..

--
സ്നേഹപൂര്‍വ്വം..
അനുജി,കുരീപ്പള്ളി.

ഘടികാര സൂചികള്‍  

Posted by അനുജി, കുരീപ്പള്ളി. in ,






ഘടികാര സൂചികള്‍
തിരികെക്കറക്കി നീ
പോയ്‌ മറഞ്ഞെങ്ങോ
കാതങ്ങള്‍ക്കപ്പുറമെന്‍
പ്രീയ സഖീ നിന്‍
സ്വപ്നച്ചിറകു വിടര്‍ത്തിനീ
പോയ്‌ മറഞ്ഞെങ്ങോ
നിന്നില്‍ ഞാന്‍ ചാര്‍ത്തിയ
സിന്ദൂരച്ചുവപ്പാം
ചക്രവാളത്തിനപ്പുറം

പോയ്‌ മറഞ്ഞെങ്ങോ
നിനക്കായ്‌ ഞാന്‍
കരളുരുക്കി നിറച്ചൊരീ
സ്നേഹസാഗരം താണ്ടി നീ
എനിക്ക് കൂട്ടായ് ഈ
തീരവും തിരകളും നല്കി നീ
പോയ്‌ മറഞ്ഞെങ്ങോ
യാമങ്ങള്‍ക്കപ്പുറം

നീയറിയുന്നുവോയെന്‍
പ്രീയ സഖീ നിന്‍ നീര്‍-
മിഴികളിലംബരചുംബികള്‍
നൃത്തമാടിടുമ്പോള്‍
സ്വപ്നങ്ങള്‍ക്ക് മീതെ നീ
പാറിപ്പറക്കുമ്പോള്‍
ഇവിടെയീ
തീരം സാക്ഷിയായ്‌
തിരകള്‍ സാക്ഷിയായ്‌
ജീവന്‍ പൊലിയുന്നൊരെന്‍
ഹൃദയത്തുടിപ്പുകള്‍
ഊര്‍ദ്ധ്വന്‍ വലിക്കുന്നോരെന്‍
ഘടികാര സൂചികള്‍

താണ്ടുവാനേറെയുണ്ടിനി
കാതങ്ങളെന്‍ മുന്നില്‍
ഈ ചെറു ജീവിതയാനവുമായ്
ഏകനായ് തീരം വിട്ട്
തിരകള്‍ താണ്ടി, നിന്‍
പ്രണയം നല്‍കുമൂര്‍ജ്ജവുമായേറെ
കാതങ്ങള്‍,
ഇനിയുമുണ്ടേറെ കാതങ്ങള്‍
യാമങ്ങള്‍ക്കപ്പുറത്തേക്ക്
നിന്‍ കൈ പിടിക്കുവാന്‍

ഇനിയും കാതങ്ങളുണ്ടേറെ-
യെന്‍ ഘടികാര സൂചികള്‍
നിനക്കൊപ്പം ചലിക്കുവാന്‍


--
സ്നേഹപൂര്‍വ്വം..
അനുജി,കുരീപ്പള്ളി.

"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു."